അന്തിക്കാട്: 18 മാസത്തെ ഇടവേളക്ക് ശേഷം കേരളപ്പിറവി ദിനത്തിൽ സ്കൂളിലേക്ക് തിരികെയെത്തുന്ന കുരുന്നുകൾക്ക് കാഴ്ച വിസ്മയം ഒരുക്കാൻ അന്തിക്കാട് കെ.ജി.എം സ്കുളിലെ തീവണ്ടി ക്ലാസ് റൂം ഒരുങ്ങി. വിവിധ തരത്തിലുള്ള മോഡലുകൾ തയ്യാറാക്കിയാണ് സ്കൂൾ അധികൃതർ കുരുന്നുകളെ വരവേൽക്കാൻ തയ്യാറെടുക്കുന്നത്. കൂകിപ്പായുന്ന തീവണ്ടി ക്ലാസ് റൂമുകൾ, സ്കൂൾ വാഹനത്തിന്റെ മോഡലിലുള്ള പ്രവേശന കവാടം, ഹെലികോപ്ടർ, 50 അടി നീളമുള്ള അക്വേറിയം, ജൈവ വൈവിദ്ധ്യ പാർക്ക് തുടങ്ങിയവ ആരെയും അമ്പരിപ്പിക്കുന്നതാണ്. കൂടാതെ കുട്ടികളെ ആകർഷിക്കുന്ന രീതിയിലുള്ള കിണർ, തവള, കോഴി തുടങ്ങിയ ധാരാളം മോഡലുകളാണ് നിർമ്മിച്ചിരിക്കുന്നത്. തീവണ്ടിയുടെ നിർമ്മാണം പ്രശസ്ത കലാകാരൻ ഉദയൻ എടപ്പാളാണ് നിർവഹിച്ചിരിക്കുന്നത്. ഒരു മാസമെടുത്താണ് പൂർത്തീകരിച്ചത്. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ 707 കുട്ടികളാണ് ഈ വിദ്യാലയത്തിൽ പഠിക്കുന്നത്.