പാവറട്ടി: പഞ്ചായത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് വർഷങ്ങൾ കഴിഞ്ഞിട്ടും പൂർത്തീകരിക്കാത്തതിൽ പ്രതിഷേധിച്ച് കോസ്റ്റ് ഫോർഡ് ഓഫീസ് ഉപരോധിക്കാൻ എളവള്ളി ഗ്രാമ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. എളവള്ളി ഗ്രാമ പഞ്ചായത്തിലെ ബഡ്‌സ് സ്‌കൂൾ നിർമ്മിക്കുന്നതിന് 44,65, 000 രൂപയുടെ എസ്റ്റിമേറ്റാണ് അംഗീകരിച്ചിരുന്നത്. ഇതിൽ 10 ലക്ഷം രൂപ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തും 12 ലക്ഷം രൂപ എളവള്ളി ഗ്രാമപഞ്ചായത്തും അഡ്വാൻസായി അടച്ചിരുന്നു. ബാക്കി തുക ജില്ലാ പഞ്ചായത്ത് വിഹിതമാണ്. എന്നാൽ 22 ലക്ഷം രൂപ അടച്ചിട്ടും നിർമ്മാണം തുടരാൻ കോസ്റ്റ് ഫോർഡ് തയ്യാറായില്ല. മൂന്ന് വർഷമായിട്ടും ബെഡ്‌സ് സ്‌കൂളിന്റെ നിർമ്മാണം ഇഴയുകയാണ്. എളവള്ളി ക്രിമിറ്റോറിയത്തിലെ ഉദ്യാനം മോടിപിടിപ്പിക്കൽ പദ്ധതിക്കായി ബ്ലോക്ക് പഞ്ചായത്ത് വിഹിതമായ 1,14000 രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിച്ച് 4.5 ലക്ഷം രൂപ അഡ്വാൻസായി കോസ്റ്റ് ഫോർഡിന് നൽകി രണ്ട് വർഷം കഴിഞ്ഞിട്ടും നിർമ്മാണം പാതിവഴിയിലാണ്.
മുരളി പെരുനെല്ലി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും എളവള്ളി കുടുംബാരോഗ്യ കേന്ദ്രത്തിന് ലബോറട്ടറി, ഒബ്‌സർവേഷൻ ആൻഡ് നഴ്‌സിംഗ് സ്റ്റേഷൻ എന്നിവയുടെ നിർമ്മാണത്തിന് 24.5 ലക്ഷം രൂപ വകയിരുത്തി. 5 ലക്ഷം രൂപ കോസ്റ്റ് ഫോർഡിന് അഡ്വാൻസായി നൽകിയിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല. കൂടാതെ കുടുംബാരോഗ്യ കേന്ദ്രത്തിലെ ചുറ്റുമതിലിന്റെ നിർമ്മാണവും കോസ്റ്റ് ഫോർഡാണ് ഏറ്റെടുത്തിരിക്കുന്നത്. നിലവിലെ ഭരണസമിതി പലതവണ നേരിട്ട് ബന്ധപ്പെട്ടിട്ടും പ്രവൃത്തിയിൽ പുരോഗതിയുണ്ടായില്ല. ഈ സാഹചര്യത്തിൽ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ പ്രസിഡന്റ് ജിയോഫോക്‌സ് കോസ്റ്റ് ഫോർഡ് ഓഫീസ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഉപരോധിക്കുന്നതിന് നിർദ്ദേശം വെക്കുകയായിരുന്നു. ഭരണസമിതി പ്രസ്തുത നിർദ്ദേശം ഐക്യകണ്‌ഠേന അംഗീകരിക്കുകയാണ് ഉണ്ടായത്.