ഇരിങ്ങാലക്കുട: പുല്ലൂർ ഊരകത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മാലിന്യം തളളിയത് നാട്ടുകാർ തടഞ്ഞു. ഇന്നലെ രാവിലെയാണ് ഊരകം എടക്കാട്ട് അമ്പലത്തിന് തൊട്ടടുത്തുള്ള പാടത്തായി ടിപ്പർ ലോറിയിൽ മാലിന്യം തള്ളിയത്. രണ്ട് ലോഡായി കെട്ടിടം പൊളിച്ച അവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും മദ്യകുപ്പികളും അടക്കമാണ് തള്ളിയത്. മൂന്നാമതും ലോഡുമായി എത്തിയ വാഹനം സമീപവാസികൾ തടയുകയായിരുന്നു. പിന്നീട് മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളിയെ വിവരം അറിയിക്കുകയും, പ്രസിഡന്റ് അറിയിച്ചതനുസരിച്ച് ഇരിങ്ങാലക്കുട പൊലീസും,​ പഞ്ചായത്ത് ആരോഗ്യവിഭാഗവും,​ വില്ലേജ് ഓഫീസറും സ്ഥലത്തെത്തി. എടത്തിരുത്തി സ്വദേശി മയ്യാട്ടിൽ സജീവൻ എന്ന വ്യക്തിയുടെ സ്ഥലത്താണ് മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്. എന്നാൽ വില്ലേജ് അധികൃതർ സജീവനുമായി ബന്ധപ്പെട്ടപ്പോൾ ഇദ്ദേഹത്തിന്റെ അറിവോടെയല്ല മാലിന്യം തള്ളിയതെന്നാണ് അറിയാൻ കഴിഞ്ഞത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.