കൊടുങ്ങല്ലൂർ: ഒന്നര വർഷത്തെ കാത്തിരിപ്പിന് ശേഷം വിദ്യാലയ മുറ്റത്തെത്തുന്ന കൂട്ടുകാരെ ബാൻഡ് വാദ്യത്തോടെ വരവേൽക്കാൻ എറിയാട് ഗവ. കേരളവർമ ഹയർ സെക്കൻഡറി സ്‌കൂൾ ഒരുങ്ങി. സ്വന്തമായി ബാൻഡ് സെറ്റ് തയ്യാറാക്കിയാണ് വിദ്യാലയം കുട്ടികളെ സ്വീകരിക്കുന്നത്. മേഖലയിലെ സർക്കാർ സ്കൂളിൽ ഒരുക്കുന്ന ആദ്യത്തെ ബാൻഡ് സെറ്റാണ് ജി.കെ.വി.എച്ച്.എസിൽ രൂപീകരിച്ചത്. സ്വന്തമായി ഒരു ബാൻഡ് സെറ്റെന്ന നീണ്ട കാലത്തെ ആഗ്രഹത്തിന്റെ പൂർത്തീകരണം കൂടിയാണിത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കഴിഞ്ഞ ഒരു മാസമായി വിദ്യാർത്ഥിനികളുടെ ബാന്റ് സംഘം പരിശീലനത്തിലായിരുന്നു. സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ് ഈ സ്വപ്ന സാക്ഷാത്കാരത്തിന് കൂട്ടായെത്തിയത്. 1959 ബാച്ചിലെ വിദ്യാർത്ഥികളായിരുന്ന മുഹമ്മദ്, ഡോ. റഷീദ് മണപ്പാട്ട് എന്നിവരാണ് വാദ്യോപകരണങ്ങളും യൂണിഫോമും, പരിശീലനവും സാദ്ധ്യമാക്കിയത്. ഇന്ന് അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയാക്കിയ സംഘം കേരളപ്പിറവി ദിനത്തിൽ അരങ്ങേറ്റം കുറിക്കും.