ഈസ്റ്റ് ചാലക്കുടി ഗവ.എൽ.പി സ്‌കൂളിൽ നടന്ന പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങൾ.
ചാലക്കുടി: അതിരറ്റ ആഹ്ലാദത്തിലായിരിക്കും ഈസ്റ്റ് ചാലക്കുടി ഗവ.എൽ.പി സ്‌കൂളിൽ ഇന്ന് വിദ്യാർത്ഥികളും അദ്ധ്യാപകരും എത്തുക. കൊവിഡ് മഹാമാരിയിൽ മാറിമറിഞ്ഞ അദ്ധ്യായന വർഷാരംഭം എന്നതിൽ ഉപരി പുത്തൻ കെട്ടിടത്തിലേക്ക് ചേക്കേറിയതിന്റെ ആശ്വാസവും സന്തോഷവുമാണ് ഇവരെ മദിക്കുക്കുക. കൊവിഡിന്റെ ഒന്നാം തരംഗത്തിന് ശേഷം ഉദ്ഘാടനം ചെയ്ത കെട്ടിടത്തിൽ ഇതാദ്യമായാണ് വിദ്യാർത്ഥികളെത്തുന്നത്. 2020 ആഗസ്റ്റിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്ത കെട്ടിടത്തിൽ ഇതുവരെ എത്തിയത് അദ്ധ്യാപകർ മാത്രമാണ്. അടുത്ത ജൂണിൽ വിദ്യാലയങ്ങൾ തുറക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. അങ്ങനെ എം.എൽ.എ ബി.ഡി ദേവസിയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ 1.20 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ ഗൃഹ പ്രവേശനം കൂടിയാവുകയാണ് തിങ്കളാഴ്ചയിലെ ചടങ്ങ്. നേരത്തെയുണ്ടായിരുന്ന പഴകി ദ്രവിച്ച 110 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിൽ നിന്നും മോചനം ലഭിച്ചത് അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും വലിയൊരു ആശ്വാസമാണ്. പഴയ കെട്ടിടത്തിൽ കുട്ടികളെ ഇരുത്തുന്നത് തന്നെ സാഹസികതയായിരുന്നു. ഇക്കാരണത്താൽ വിദ്യാർത്ഥികളുടെ കൊഴിഞ്ഞ പോക്കുമുണ്ടായി. പുതു കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചത് മുതൽ നിരവധി പ്രമുഖർ ആദ്യാക്ഷരം കുറിച്ച വിദ്യാലയം വീണ്ടും കുട്ടികളെ ആകർഷിക്കാൻ തുടങ്ങി. ഏറെ പ്രതീക്ഷയോടെയാണ് ഇത്തവണത്തെ പ്രവേശനോത്സവം (അതിജീവനത്തിന്റെ ഉത്സവം) നടക്കുന്നതെന്ന് പി.ടി.എ പ്രസിഡന്റ് ഇന്ദു രതീഷ് പറയുന്നു.