പാവറട്ടി: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിൽ മികവിന്റെ കേന്ദ്രമാകാൻ ഒരുങ്ങുകയാണ് മുല്ലശ്ശേരി ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ. ജ്യോതിഷ ഗണിത ശാസ്ത്ര പണ്ഡിതനും സ്‌കൂളിന്റെ പ്രഥമ പ്രധാന അദ്ധ്യാപകനും പിന്നാക്ക സമുദായ അംഗവുമായിരുന്ന മുൻ എം.എൽ.എ പി.കെ കോരു മാഷുടെ പേര് സ്‌കൂളിന് സർക്കാർ നൽകണമെന്ന ആവശ്യം ശക്തമാണ്. 2019 ൽ ആരംഭിച്ച സ്‌കൂളിന്റെ കെട്ടിട നിർമ്മാണം പൂർത്തിയായി. കിഫ്ബിയുടെ 5 കോടിയും മുരളി പെരുനെല്ലി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 17 ലക്ഷം രൂപയും വിനിയോഗിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്. 20,000 ചതുരശ്ര അടിയിൽ മൂന്ന് നിലകളിലാണ് കെട്ടിടം. ഹൈസ്‌കൂൾ വിഭാഗത്തിൽ എട്ടും ഹയർ സെക്കണ്ടറി വിഭാഗത്തിൽ നാലും ക്ലാസ് മുറികളാണ് തയ്യാറാക്കിയത്. കൂടാതെ സയൻസ് ലാബ്, രണ്ട് കമ്പ്യൂട്ടർ ലാബ് എന്നിവയുമുണ്ട്. ക്ലാസ് മുറിയിലേക്കാവശ്യമായ ആധുനിക സജ്ജീകരണങ്ങളും ലാബും ജില്ലാ പഞ്ചായത്തും കെയ്റ്റും ചേർന്ന് തയ്യാറാക്കുമെന്നാണ് വിവരം.
പ്രഥമ കേരള നിയമസഭയിൽ മുല്ലശ്ശേരി ബ്ലോക്കുൾപ്പെടുന്ന ഗുരുവായൂർ നിയോജക മണ്ഡലത്തിലെ എം.എൽ.എയും പിന്നാക്ക സമുദായത്തിൻ്റെ മുന്നണിപ്പോരാളിയുമായിരുന്നു കോരു മാഷ്. പൂർവ വിദ്യാർത്ഥികളും അദ്ധ്യാപകരും വിവിധ തലങ്ങളിലുള്ള ജനപ്രതിനിധികളും സ്‌കൂളിന് കോരു മാഷുടെ പേര് നൽകണം എന്ന അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. സ്‌കൂളിന് സർക്കാർ കോരു മാഷുടെ പേര് നൽകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും സ്‌കൂളിന് തുടക്കമിട്ട മുല്ലശ്ശേരി ഹൈസ്‌കൂൾ സ്ഥാപക സമിതിയിലെ 12 വ്യക്തികളുടെ കുടുംബാഗങ്ങളും.

പ്രൊഫ.സി.രവീന്ദ്രനാഥ് വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോഴാണ് നിയോജക മണ്ഡലത്തിൽ ഒരു സ്‌കൂൾ അന്താരാഷ്ട്ര നിലവാരത്തിൽ മികവിന്റെ കേന്ദ്രമാക്കാൻ തീരുമാനമെടുത്തത്. കേരളത്തിലെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ നാമധേയത്തിലുള്ള കണ്ടശാംകടവ് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിന് പ്രത്യേക പരിഗണന നൽകി മികവിന്റെ കേന്ദ്രമാക്കി. മണലൂർ മണ്ഡലത്തിൽ രണ്ട് ഗവ.സ്‌കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർന്നത് ശ്രദ്ധേയമാണ്.