otayal-samayam

ബൈപാസ് റോഡിൽ ഒറ്റയാൾ സമരം നടത്തുന്ന സുനിൽ ചേപ്പുള്ളി.

കൊടുങ്ങല്ലൂർ: ചന്തപ്പുര - കോട്ടപ്പുറം ബൈപാസിലെ സിഗ്‌നൽ സംവിധാനം തകരാറിലായതിൽ പ്രതിഷേധിച്ച് ബൈപാസ് റോഡിൽ ഒറ്റയാൾ പ്രതിഷേധം. റോഡിൽ കിടന്ന് പ്രതിഷേധം ആരംഭിച്ചതോടെ നാട്ടുകാർ ഒറ്റയാൾ സമരക്കാരന് നേരെ തിരിഞ്ഞത് സംഘർഷത്തിന് കാരണമായി. അഴീക്കോട് കൊട്ടിക്കൽ സ്വദേശിയും ജീവകാരുണ്യ പ്രവർത്തകനായ സുനിൽ ചേപ്പുള്ളിയാണ് സിഗ്‌നൽ സംവിധാനം തകരാറിലായതിൽ പ്രതിഷേധിച്ച് റോഡിൽ കിടന്നത്.

സമരം ആരംഭിച്ചതോടെ ബൈപാസിൽ ഗതാഗത സ്തഭനമുണ്ടായി. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊതു പ്രവർത്തകരും സമരക്കാരനും തമ്മിൽ വാക്കേറ്റത്തിനൊടുവിൽ സുനിൽ ചേപ്പുള്ളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച പുലർച്ചെ മുതൽ ഗൗരിശങ്കർ ജംഗ്ഷനിലും ചന്തപ്പുരയിലും സിഗ്‌നൽ സംവിധാനം നിശ്ചലമായിരുന്നു. ഇതിനെ തുടർന്ന് ബൈപാസിലെ നാലുവരിപാതയിലൂടെ വാഹനങ്ങൾ നിയന്ത്രണങ്ങളൊന്നുമില്ലാതെ ചീറി പായുകയായിരുന്നു.

ഇതിനെ തുടർന്നാണ് സമൂഹ്യ പ്രവർത്തകനായ സുനിൽ ചേപ്പുള്ളി ബൈപ്പാസ് റോഡിൽ കിടപ്പ് സമരം ആരംഭിച്ചത്.

മുന്നറിയിപ്പില്ലാതെ ഗതാഗതം തടസപ്പെടുത്തി സമരം നടത്തുന്നത് നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ് കൈസാബിന്റെ നേതൃത്വത്തിലുള്ള നാട്ടുകാരിൽ ചിലർ ചോദ്യം ചെയ്തതോടെ വാക്കേറ്റമായി. നാട്ടുകാർ തന്നെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായി സുനിൽ ചേപ്പുള്ളി ആരോപിച്ചു. സംഭവമറിഞ്ഞെത്തിയ കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്‌പെക്ടർ കെ. ബ്രിജുകുമാർ സുനിൽ ചേപ്പുള്ളിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സ്വന്തം ജീവന് അപകടമുണ്ടാക്കുന്ന വിധത്തിൽ ബൈപാസിൽ ഗതാഗതം സ്തംഭിപ്പിച്ചതിനെതിരെയാണ് തങ്ങൾ ചോദ്യം ചെയ്തതെന്ന് കെ.എസ് കൈസാബ് പറഞ്ഞു. തകരാറിലായ സിഗ്‌നൽ സംവിധാനം പ്രവർത്തിപ്പിക്കാൻ നഗരസഭ ഇടപെട്ടതായും കൈസാബ് അറിയിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്ത സുനിൽ ചേപ്പുള്ളിയെ രാത്രിയോടെ സ്റ്റേഷനിൽ നിന്നും ആൾ ജാമ്യത്തിൽ വിട്ടയച്ചു.