വരന്തരപ്പിള്ളി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ 25 മുതൽ ഫോറസ്റ്റ് റേഞ്ച് ഓഫീസിന് മുമ്പിൽ അസംഘടിത ജനകീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ആദിവാസി നേതാവ് എം.വി അംബിക നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ജില്ലാ കളക്ടറുടെ നിർദേശപ്രകാരം സമരപന്തലിൽ എത്തി തൃശൂർ എ.ഡി.എം, മുകുന്ദപുരം തഹസിൽദാർ, വില്ലേജ് ഓഫീസർ എന്നിവർ നേതാക്കളുമായി നടത്തിയ ചർച്ചയിൽ നൽകിയ ഉറപ്പിനെ തുടർന്നാണ് നിരാഹാരം അവസാനിപ്പിച്ചത്. അസംഘടിത ജനകീയ പ്രസ്ഥാനം സംസ്ഥാന ജനറൽ കൺവീനർ ടി.കെ മുകുന്ദൻ, കാര്യകടവ് ഊരുമുപ്പൻ, കെ.ചന്ദ്രൻ, ഏരിയാ അംഗങ്ങളായ അജിനി ചന്ദ്രൻ, ചന്ദ്രിക ബാലൻ തുടങ്ങിയ നേതാക്കളുമായായിരുന്നു ചർച്ച. നവംബർ 6 ന് കളക്ടറേറ്റിൽ വീണ്ടും ചർച്ച നടത്താമെന്നും കളക്ടറുടെ പരിധിയിൽ വരുന്ന വിഷയങ്ങളിൽ ഉടൻ പരിഹാരം കാണാമെന്നും മറ്റ് വിഷയങ്ങൾ സർക്കാരുമായി ചർച്ച നടത്തി പരിഹരിക്കാമെന്നുമുള്ള ഉറപ്പാണ് നൽകിയത്. നവംബർ 6 ന് പരിഹാരം ഉണ്ടായില്ലെങ്കിൽ അസംഘടിത ജനകീയ പ്രസ്ഥാനം നേതാക്കൾ കളക്ടറേറ്റ് പടിക്കൽ അനിശ്ചിതകാല നിരാഹാരം ആരംഭിക്കുമെന്ന് സംസ്ഥാന ചെയർമാൻ കല്ലറ ബാബുവും ജനറൽ കൺവീനർ ടി.കെ മുകുന്ദനും വ്യക്തമാക്കി.