obituary

ആളുമാറിയുള്ള ആക്രമണമെന്ന് പൊലീസ്

ചാവക്കാട്: ബൈക്കിലെത്തിയ മൂന്നംഗസംഘം പട്ടാപ്പകൽ യുവാവിനെ കുത്തിക്കൊന്നു. മണത്തല ചാപ്പറമ്പ് നാഗയക്ഷി ക്ഷേത്രത്തിന് പിന്നിൽ കൊപ്ര ചന്ദ്രന്റെ മകൻ ബിജുവാണ് (35) കുത്തേറ്റ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചോടെ ചാപ്പറമ്പ് സ്‌കൂളിന് കിഴക്കുഭാഗത്തെ റോഡിലായിരുന്നു സംഭവം.

വയറ്റിൽ ആഴത്തിൽ കുത്തേറ്റ ബിജുവിനെ നാട്ടുകാർ ചാവക്കാട് ഹയാത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രവാസിയായ ബിജു മൂന്ന് മാസം മുമ്പാണ് നാട്ടിലെത്തിയത്. മറ്റൊരു ജോലിക്കായി വീണ്ടും വിദേശത്ത് പോകാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. ആളുമാറിയാണ് ആക്രമണം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിന് ശേഷം അക്രമികൾ ബ്ലാങ്ങാട് ബീച്ച് ഭാഗത്തേക്ക് വണ്ടിയോടിച്ച് പോയതായാണ് സൂചന. സംഭവം നടക്കുമ്പോൾ തൊട്ടടുത്ത മൈതാനത്ത് കുട്ടികൾ കളിക്കുന്നുണ്ടായിരുന്നു.

വീട്ടിൽ വളർത്തുന്ന പ്രാവുകളെ ബിജു ചാപ്പറമ്പ് സെന്ററിൽ കൊണ്ടുവന്ന് വില്പന നടത്തിയിരുന്നു. അതേസമയം മരിച്ച ബിജുവുമായി രൂപസാദൃശ്യമുള്ള ചാപ്പറമ്പ് ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ സജീവനുമായി ഒരു സംഘം വൈകിട്ട് മൂന്നോടെ തർക്കമുണ്ടാക്കിയിരുന്നു. ഇവരാകാം ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. ബി.ജെ.പി പ്രവർത്തകനാണ് ഇയാൾ.

കൊലയാളികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. സംഭവം നടന്ന സ്ഥലത്ത് പൊലീസിനെ വിന്യസിച്ചു. മാതാവ്: തങ്കമണി. ഭാര്യ: റിയ. ഗുരുവായൂർ എ.സി.പി കെ.ജി. സുരേഷ്, കുന്നംകുളം എ.സി.പി ടി.എസ്. ഷിനോജ്, ചാവക്കാട് എസ്.എച്ച്.ഒ കെ.എസ്. സെൽവരാജ്, പാവറട്ടി എസ്.എച്ച്.ഒ എം.കെ. രമേഷ്, വടക്കേക്കാട് എസ്.എച്ച്.ഒ അമൃതരംഗൻ എന്നിവർ സ്ഥലത്തെത്തി.