sea-wall

ചിറയിൻകീഴ്: താഴംപള്ളി മുതൽ അഞ്ചുതെങ്ങ് മാമ്പള്ളി വരെയുള്ള തീരപ്രദേശത്ത് കടൽക്ഷോഭം ചെറുക്കാൻ ഫലപ്രദമായ സംവിധാനം ഇല്ലാത്തത് തീരദേശവാസികളെ ആശങ്കയിലാഴ്ത്തുന്നു. ഈ ഭാഗത്ത് കടൽഭിത്തി നിർമ്മിച്ചിട്ടുണ്ടെങ്കിലും അതെല്ലാം തകർന്ന അവസ്ഥയിലാണ്.

കടൽ ഭിത്തിയുടെ അറ്റകുറ്റപ്പണികൾ നടന്നിട്ട് തന്നെ വർഷങ്ങൾ കഴിഞ്ഞു.

കടൽഭിത്തി തകർന്നിട്ട് വർഷങ്ങളായെങ്കിലും അധികൃതർ ഇതുവരെയും നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. തരിശ് പറമ്പ് ഭാഗത്ത് ശക്തമായ തിരയടി ഉണ്ടാകുമ്പോൾ കടൽ ജലം കടൽത്തീരത്തിരിക്കുന്ന വീടും സമീപത്തെ റോഡും കടന്ന് കായലിലാണ് പതിക്കുന്നത്. ഈ സമയങ്ങളിൽ റോഡിൽ മുഴുവൻ മണ്ണായിരിക്കും. മാത്രവുമല്ല ഇവിടെ കടൽ അപകടകരമാംവിധം കരയെ വിഴുങ്ങിയിരിക്കുകയാണ്.

പൂത്തുറ മുതൽ താഴംപള്ളി വരെയുള്ള ഭാഗത്തെ റോഡ് തകർന്നിട്ട് നാളുകളായി. ഇവിടെ ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

ഇവ യാഥാർത്ഥ്യമാകാൻ ഇനി എത്രനാൾ വേണ്ടിവരുമെന്നാണ് മത്സ്യത്തൊഴിലാളികൾ ചോദിക്കുന്നത്. മുതലപ്പൊഴി അഴിമുഖത്ത് അപകടങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ അഴിമുഖത്തെ മണ്ണ് അടിയന്തരമായി ഡ്രഡ്ജ് ചെയ്ത് നീക്കുമെന്ന അധികൃതർ നൽകിയ വാക്ക് ഇനിയും പാലിച്ചിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. അഴിമുഖത്ത് രൂപപ്പെടുന്ന മണൽത്തിട്ടകളിൽ തട്ടിയാണ് ഇവിടെ ബോട്ടപകടങ്ങൾ അധികവും നടക്കുന്നത്. എത്രയുംവേഗം ഈ ഭാഗത്ത് ഡ്രഡ്ജിംഗ് നടത്തി ആഴം കൂട്ടണമെന്നാണ് കടലിന്റെ മക്കളുടെ ആവശ്യം.

കടൽഭിത്തി തകർന്നിട്ട് വർഷങ്ങളായിട്ടും പുനർനിർമ്മിക്കാതെ അധികൃതർ

പുലിമുട്ട് നിർമ്മാണവുമില്ല

താഴംപള്ളി മുതൽ കായിക്കര വരെയുള്ള ഭാഗങ്ങളിൽ കടലാക്രമണം തടയുന്നതിനു വേണ്ടി കടൽഭിത്തി പുനർനിർമാണവും 200 മീറ്റർ ഇടവിട്ട് പുലിമുട്ടും സ്ഥാപിക്കണമെന്ന ആവശ്യവും ഇതുവരെ വെളിച്ചം കണ്ടില്ല.

ഭീതിയിൽ കുടുംബങ്ങൾ

ഈ മേഖലയിൽ താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളാണ് ഓരോ സീസണിലും കടലാക്രമണഭീഷണി നേരിടുന്നത്. കാലവർഷം ശക്തമാകുമ്പോഴും ന്യൂനമർദ്ദമുണ്ടാകുമ്പോഴും മറ്റ് പല കാരണങ്ങളാലും കടൽക്ഷോഭം രൂക്ഷമാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് ലഭിക്കുമ്പോഴും ഇവിടത്തുകാർ ഭീതിയിലാകും.

ഈ മേഖലയിലെ ജനങ്ങളുടെ ദുരിതങ്ങൾ അകറ്റാനായി കടൽഭിത്തി, പുലിമുട്ട് എന്നിവയുടെ നിർമാണം ആരംഭിച്ച് മുതലപ്പൊഴിയിൽ അടിയന്തരമായി ഡ്രഡ്ജിംഗും നടത്തണം.

എ. വർഗീസ്, മത്സ്യത്തൊഴിലാളി, കോൺഗ്രസ് നിയോജക മണ്ഡലം ഭാരവാഹി