ആര്യനാട്: ആഹാരം തേടി നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെപ്പേടിച്ച് ഉറക്കമില്ലാതെ
ജനങ്ങൾ. ആര്യനാട് കൊക്കോട്ടേല, ഈഞ്ചപ്പുരി, പറണ്ടോട്, വിനോബാനികേതൻ, മലയടി, മീനാങ്കൽ, വിതുര -പേപ്പാറ റോഡിൽലെ പട്ടൻകുളിച്ചപ്പാറ മുതൽ കുട്ടപ്പാറ വരെയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർക്കാണ് കാട്ടുപന്നിയും കാട്ടാനയും കാട്ടുപോത്തുമെല്ലാം വലിയ ഭീഷണി ഉയർത്തുന്നത്. ഇവയെ പേടിച്ച് കൃഷി ചെയ്യാനോ സന്ധ്യമയങ്ങിയാൽ പുറത്തിറങ്ങാനോ കഴിയില്ലെന്നാണ് ഇവർ പറയുന്നത്.
കിടങ്ങുകളും വൈദ്യുതി വേലികളും സ്ഥാപിക്കാത്തതാണ് കാട്ടുമൃഗങ്ങൾ നാട്ടിലേക്കെത്തുന്നതിനുള്ള പ്രധാനകാരണം. ഇവയുടെ ശല്യമകറ്റുന്നതിന് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സഹായം തേടിയാൽ അവരും നിസഹായരാണ്. കാലഹരണപ്പെട്ട ഉപകരണങ്ങളുടെ സഹായത്തോടെ ജോലി ചെയ്യുന്ന തങ്ങൾക്ക് കാട്ടാനയടക്കമുള്ള മൃഗങ്ങളോട് എങ്ങനെ മല്ലടിക്കാനാകുമെന്നാണ് ഇവർ ചോദിക്കുന്നത്.
കർഷകർ വലയുന്നു
മൃഗങ്ങളെപ്പേടിച്ച് യാതൊരു കൃഷിയും നടത്താനാകാത്ത അവസ്ഥയിലാണ് കർഷകർ. ലോണെടുത്തും കടംവാങ്ങിയും കൃഷിയിറക്കിയാൽ ഇത് മൂപ്പെത്തുംമുമ്പ് തന്നെ കാട്ടുമൃഗങ്ങൾ നശിപ്പിക്കും. ഇവയുടെ ശല്യം തടയാൻ വൈദ്യുതി വേലി സ്ഥാപിക്കാമെന്ന് വച്ചാൽ ഇതിനുള്ള ചെലവ് പലർക്കും താങ്ങാനാകുന്നതിലും അപ്പുറമാണ്. കൊവിഡ് കാലത്തിനൊപ്പം കൃഷിനാശവും വ്യാപകമായതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ നടുവിലാണ് കർഷകർ.
കാട്ടുപോത്ത് പേടിയിൽ ഈഞ്ചപുരി
രണ്ടാംവട്ടവും കാട്ടുപോത്തിറങ്ങിയതോടെ ഈഞ്ചപുരി മൈലമൂട് നിവാസികൾ കടുത്ത ആശങ്കയിലാണ്. കഴിഞ്ഞ മാസമാണ് ഇവിടെ ആദ്യം കാട്ടുപോത്തിനെ കണ്ടത്. ആശങ്കകൾക്കിടെ വളരെ പണിപ്പെട്ടാണ് ഇതിനെ വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീം എത്തി ഇതിനെ വനത്തിലേക്ക് തിരികെ ഓടിച്ചത്. ഈ മാസം ആദ്യവും മേഖലയിൽ കാട്ടുപോത്തിനെ കണ്ടിരുന്നു. ഇതോടെയാണ് ജനങ്ങളുടെ ഭീതി വർദ്ധിച്ചത്.
പരിഹാരമാർഗങ്ങൾ
വനാതിർത്തികളിൽ കിടങ്ങുകളും വൈദ്യുതി വേലികൾ സ്ഥാപിക്കുക
വനം വകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീം ശക്തിപ്പെടുത്തുക
ഫോറസ്റ്റ് വാച്ചർമാർക്ക് പ്രത്യേക പരിശീലനം നൽകുക
ആർ.ആർ.ടി ഫോഴ്‌സിന്റെ അംഗബലം വർദ്ധിപ്പിക്കുക
ഉദ്യോഗസ്ഥർക്ക് ആധുനിക ഉപകരണങ്ങൾ ലഭ്യമാക്കുക