വിതുര: സ്റ്റെൻസിൽ ഫയർ ആർട്ടിലൂടെ മലയാള സിനിമാ താരങ്ങളുടെ ചിത്രങ്ങൾ വരച്ച് വിതുര സ്വദേശി അൽഫാത്തിമ നേടിയത് ഇന്ത്യൻ ഏഷ്യൻ റെക്കോർഡുകൾ. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ് തുടങ്ങി മലയാളത്തിന്റെ പതിനഞ്ച് മുൻനിര താരങ്ങളെ വരച്ചു തീർത്തത് ഒരു മണിക്കൂർ 49 സെക്കന്റ് കൊണ്ടാണ്. ഇന്ത്യൻ ബുക്ക് ഒഫ് റെക്കോർഡ് പുറമെ ഗ്രാന്റ് മാസ്റ്റർ പദവിയോടെ ഏഷ്യൻ ബുക്ക് ഒഫ് റെക്കോഡും അൽഫാത്തിമയെ തേടിയെത്തി.
വിതുര എം.എസ്. മൻസിലിൽ എം.എസ്.ഖരീമിന്റെയും അമീനയുടെയും മകളും ചുള്ളിമാനൂർ കൊറളിയോട് ഷാജിതാ മൻസിലിൽ ഷംനാദിന്റെ ഭാര്യയുമായ അൽഫാത്തിമയ്ക്ക് കുട്ടിക്കാലത്ത് തന്നെ ചിത്രരചനയോട് താല്പര്യമുണ്ടായിരുന്നു. വിതുര ചായം ഓൾ സെയിന്റ്സ് സ്കൂളിലും വിതുര ഗവ.വി.എച്ച്.എസ്.എസിലെയും പഠനകാലത്ത് ചിത്രരചനയിൽ പരിശീലനം നേടി.
ബിരുദ പഠനം കഴിഞ്ഞതോടെ ചിത്രകലയെ ഗൗരവത്തോടെ സമീപിക്കുകയായിരുന്നു.
കൊവിഡ് കാലം സൃഷ്ടിച്ച വിരസതയിലാണ് അറബിക് കാലിഗ്രാഫി, സ്റ്റെൻസിൽ ആർട്ട് തുടങ്ങിയ
വ്യത്യസ്ത ചിത്രരചനാരീതികൾ പരീക്ഷിക്കുന്നത്. വരച്ച ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലും സമൂഹ മാദ്ധ്യമങ്ങളിലും പങ്കുവച്ചു. കലാഗ്രൂപ്പുകളിൽ നിന്നുള്ള പ്രോത്സാഹനമാണ് ഇന്ത്യൻ ബുക്ക് ഒഫ് റെക്കോഡിനു മുന്നിൽ തന്റെ കലാവൈഭവം പ്രദർശിപ്പിക്കാൻ അൽഫാത്തിമയെ പ്രേരിപ്പിച്ചത്.
സ്റ്റെൻസിൽ ഫയർ ആർട്
ആദ്യം മിനിയേച്ചർ കടലാസിൽ മെഴുക് ഉപയോഗിച്ച് ചിത്രം വരയ്ക്കുും. നാരങ്ങാനീര് ചേർത്ത് തീയിൽ കാണിക്കുന്നതോടെ വരച്ച ചിത്രം കടലീസിൽ തെളിഞ്ഞു വരുന്ന വിദ്യയാണ് സ്റ്റെൻസിൽ ഫയർ ആർട്.