photo

പാലോട്: നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിലെ പ്രധാന ജംഗ്ഷനുകളിൽ തെരുവ് നായശല്യം രൂക്ഷമാണെന്ന് പരാതി. പെരിങ്ങമ്മല ജംഗ്ഷൻ, ആശുപത്രി കോമ്പൗണ്ട്, കുശവൂർ, തെന്നൂർ, കോളേജ് ജംഗ്ഷൻ, പാലോട് ആശുപത്രി ജംഗ്ഷൻ, നന്ദിയോട് മാർക്കറ്റ് ജംഗ്ഷൻ, പച്ച ശാസ്താ ക്ഷേത്ര പരിസരം, ഓട്ടുപാലം, പച്ച, കാലൻകാവ്, പൊട്ടൻചിറ, വട്ടപ്പൻകാട്, ആലുംമ്മൂട് എന്നിവിടങ്ങളിലാണ് ഇരുചക്രവാഹനക്കാർക്കും, കാൽനടയാത്രക്കാർക്കും ഭീഷണിയായി തെരുവ്നായശല്യം രൂക്ഷമാകുന്നത്. ഒരു മാസത്തിനകം നന്ദിയോട് വാഴപ്പാറ നളിനന്റെ പൗൾട്രി ഫാമിൽ തെരുവുനായ് കൂട്ടം കൂടുപൊളിച്ച് അകത്ത് കടന്ന് ആയിരകണക്കിന് കോഴികളെ കടിച്ചു കൊന്നിരുന്നു. നിരവധി ഇരുചക്രവാഹനയാത്രക്കാരാണ് കഴിഞ്ഞ രണ്ടു മാസത്തിനിടെ അപകടത്തിൽപെട്ട് ചികിത്സയിൽ കഴിയുന്നത്. രാത്രിയായാൽ തെരുവുനായ്കൂട്ടം കൂടുതൽ അക്രമണകാരികളാകും. ഫാമുകളിൽ നിന്നും ശേഖരിക്കുന്ന ഇറച്ചി വേസ്റ്റുകൾ പൊതുനിരത്തിൽ തള്ളുന്നതിനാൽ മാലിന്യം ഭക്ഷിക്കാനെത്തുന്ന നായ്ക്കളുടെ ശല്യം നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ലോക്ക് ഡൗണിനെ തുടർന്ന് പട്ടണപ്രദേശങ്ങളിൽ നിന്നു പിടികൂടിയ നായ്ക്കളെ ഗ്രാമീണജനവാസ മേഖലയിൽ കൊണ്ടു തള്ളുന്നതായാണ് ആക്ഷേപം. ഒഴിഞ്ഞ പറമ്പുകളും പൂർത്തിയാകാത്ത കെട്ടിടങ്ങങ്ങൾ, ഇടവഴികൾ തുടങ്ങിയ ഇടങ്ങളാണ് ഇവകളുടെ താവളം. കഴിഞ്ഞ ദിവസം ഓട്ടുപാലത്തിൽ റോഡരികിൽ താമസിക്കുന്ന മൂന്നു വയസ്സുകാരിയെ ആക്രമിക്കാൻ ശ്രമിച്ച നായ് കൂട്ടത്തെ നാട്ടുകാർ ഓടിച്ച് വിട്ടു. കൂടാതെ പൊതുനിരത്തിൽ കൂടി നടന്നു പോകാൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ. നായ ശല്യത്തിൽ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നവരാണ് ഇരുചക്രവാഹന യാത്രക്കാർ. അധികാരികളുടെ ഭാഗത്തുനിന്ന് അടിയന്തര നടപടികൾ ഉണ്ടാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.