കല്ലമ്പലം: പുരയിടം കിളയ്ക്കണമെന്ന് വിചാരിച്ചാൽ ജോലിക്കാരെ കിട്ടാനില്ല. കിട്ടിയാലോ അമിതകൂലിയും നൽകേണ്ടിവരും. ഇതിന് എങ്ങനെ പരിഹാരം കാണാമെന്ന ചിന്ത പ്രവാസിയായ സജിയെ നാട്ടിലെ താരമാക്കിയിരിക്കുകയാണ്. സ്വന്തമായി ഒരു മണ്ണുമാന്തി യന്ത്രം തന്നെ നിർമ്മിച്ചാണ് കല്ലമ്പലം ചേന്നൻകോട് വിജിത്രയിൽ സജി നാട്ടുകാരെ ഞെട്ടിച്ചത്. നാലരമാസത്തെ അധ്വാനംകൊണ്ടാണ് സജി സ്വന്തമായി ഒരു മിനി എസ്കവേറ്റർ നിർമ്മിച്ചത്. വെറും രണ്ടരലക്ഷം രൂപ മാത്രമാണ് ഈ ഹാൻഡ്മെയ്ഡ് എസ്കവേറ്ററിന് ചെലവായത്. നേരത്തെ പാരലൽ കോളേജ് അദ്ധ്യാപകനായിരുന്നു. പിന്നീട് ഒമാനിലെത്തി ഒരു വർക്ക്ഷോപ്പിൽ അക്കൗണ്ടന്റായി ജോലി ചെയ്യ്തു.
കുട്ടിക്കാലം മുതൽ വണ്ടികളുടെ മോഡലുകൾ നിർമ്മിക്കാൻ തൽപരനായ ഈ ബി.കോം ബിരുദധാരിക്ക് വർക്ക്ഷോപ്പുകളിൽ വരുന്ന വാഹനങ്ങളെ പെരുത്തിഷ്ടവുമായിരുന്നു. അങ്ങനെയിരിക്കെ സ്വന്തമായി ഒരു ജെ.സി.ബി വാങ്ങി ഗൾഫിൽ വാടകയ്ക്ക് നൽകി. ഇത് ഓടിക്കുന്നതിന് നാട്ടിൽനിന്ന് ഒരു ഓപ്പറേറ്ററെ കൂടി സജി അക്കരെയത്തിച്ചു. ഈ ജെ.സി.ബിയുടെ പ്രവർത്തനം കണ്ടറിഞ്ഞതാണ് സ്വന്തമായി നാട്ടിലെത്തി ഒരു എസ്കവേറ്റർ നിർമ്മിക്കുന്നതിന് സജിക്ക് പ്രചോദനമായത്.
പ്രവർത്തിക്കുന്നത് കാർ എൻജിനിൽ
കൊവിഡിന്റെ രണ്ടാംതരംഗത്തിനിടെ ഈ വർഷം ഏപ്രിലിൽ നാട്ടിലെത്തിയ സജി പുരയിടം പണിക്കായി പലരെയും വിളിച്ചുനോക്കി. കാര്യം നടക്കാതായതേടെ പിന്നെ ഒന്നും നോക്കിയില്ല, നേരെ കോയമ്പത്തൂരേക്ക് വിട്ടു ഹൈഡ്രോളിക് സിലിണ്ടർ, ഹൈഡ്രോളിക് മോട്ടോർ, കൺട്രോൾ വാൽവ് എന്നിവ അവിടെ നിന്നും വാങ്ങി. പഴയവാഹനം പൊളിക്കുന്ന സ്ഥലത്ത് നിന്ന് ഒരു കാറിന്റെ എൻജിനും ഷാസിയും ഒപ്പിച്ചു. എസ്കവേറ്ററിന്റെ ബക്കറ്റടക്കം സ്വന്തമായി വെൽഡ് ചെയ്ത് നിർമ്മിച്ചു. ഗ്യാസ് സിലിണ്ടർ രണ്ടായി മുറിച്ച് രണ്ട് ടാങ്കുകളും നിർമ്മിച്ചു. സാധനങ്ങളെല്ലാം കൂടി രണ്ടരലക്ഷം രൂപയാണ് ചെലവായത്.
ഹിറ്റാണ് ഈ കുഞ്ഞൻവണ്ടി
നിലവിൽ നാല് ടയറുകൾ നൽകിട്ടുണ്ടെങ്കിലും മോട്ടോർ വാഹന വകുപ്പിന്റെ പെർമിറ്റും മറ്റും ഒഴിവാക്കാനായി ബെൽറ്റ് നൽകാനാണ് സജിയുടെ ആലോചന. അതാകുമ്പോൾ എക്സവേറ്റർ റോഡിലിറക്കാതെ മറ്റ് വാഹനങ്ങളിൽ കൊണ്ടുപോകാനാകും. ഈ കുഞ്ഞൻ വാഹനമുപയോഗിച്ച് പുരയിടം കിളയ്ക്കാനും, കുഴിക്കാനും, നിരപ്പാക്കാനും, വാനം തോണ്ടാനും സാധിക്കും. നിലവിൽ ഒരു മിനി എസ്കവേറ്ററിന് 22 ലക്ഷം രൂപ മുതലാണ് വില. എന്നാൽ പത്തുലക്ഷം രൂപ ചെലവിൽ ഇന്ന് വിപണിയിൽ ലഭ്യമായ ഏറ്റവും മികച്ച എസ്കവേറ്റർ നിർമ്മിക്കാമെന്ന് സജി പറയുന്നത്.