ഇടവിട്ടുള്ള മൂത്രരോഗാണുബാധ എല്ലാ പ്രായത്തിലുള്ള സ്‌ത്രീകളെയും ബാധിക്കുന്ന ഒരു പൊതുജനാരോഗ്യപ്രശ്‌നമാണ്. രണ്ടോ അതിലധികമോ മൂത്രരോഗാണുബാധ അസുഖം, ആറുമാസത്തിനകമോ അല്ലെങ്കിൽ മൂന്നുതവണ ഒരു വർഷത്തിനുള്ളിലോ വന്നിട്ടുണ്ടെങ്കിൽ അത് ഇടവിട്ട മൂത്രരോഗാണുബാധയായി വേണം കരുതാൻ. മുതിർന്ന സ്‌ത്രീകളിൽ 50 ശതമാനത്തിലധികം പേർക്ക് മൂത്രരോഗാണുബാധ ഉണ്ടാകുന്നതായി കാണാം. മൂത്രമൊഴിക്കുമ്പോൾ വേദന, കൂടുതൽ തവണ മൂത്രം പോവുക, പെട്ടെന്ന് മൂത്രം പോവുക, നടുവേദന, വിറയലോടുകൂടിയ പനി, മൈക്രോസ്‌കോപി പരിശോധനയിൽ പത്തോ അതിലധികമോ വെളുത്ത രക്താണുക്കൾ കാണുക, മൂത്രത്തിന്റെ കൾചറിൽ 100000ൽ കൂടുതൽ ബാക്‌ടീരിയ കാണുക മുതലായ സാഹചര്യങ്ങളിൽ മൂത്രരോഗാണുബാധയുണ്ടെന്ന് സ്ഥിരീകരിക്കാം.
വൃക്കയിലുണ്ടാകുന്ന രോഗാണുബാധയ്‌ക്ക് പൈലോനെഫ്രൈറ്റിസ് എന്നും മൂത്രസഞ്ചിയിലെ രോഗാണുബാധയ്‌ക്ക് സിസ്റ്റൈറ്റിസ് എന്നും പ്രോസ്റ്റേറ്റിലെ രോഗാണുബാധയ്‌ക്ക് പ്രോസ്റ്റാറ്റൈറ്റിസ് എന്നും പറയുന്നു.
സാധാരണയായി മൂത്രരോഗാണുബാധ ഉണ്ടാക്കുന്ന ബാക്‌ടീരിയ കുടലിൽ നിന്നുള്ളതാണ്. 85 ശതമാനം മൂത്രരോഗാണുബാധയും ഇ-കോളി ബാക്‌ടീരിയ കാരണമുള്ളതാണ്. പ്രോട്ടിയസ്, ക്ളെബ്‌സിയെല്ല മുതലായവയും മൂത്ര രോഗാണുബാധ ഉണ്ടാക്കുന്നു. സ്‌ത്രീകളിൽ മൂത്രനാളം ചെറുതായതുകൊണ്ട് മൂത്രരോഗാണുബാധ പെട്ടെന്ന് ഉണ്ടാകുന്നു. സ്‌ത്രീകളിൽ യോനിയിൽ ബാക്‌ടീരിയ കോളനികൾ ഉണ്ടാക്കുന്നു. സ്‌ത്രീഹോർമോണായ ഈസ്ട്രജൻ യോനിയിലെ പി.എച്ച് മുതലായവ ഇത്തരം ബാക്‌ടീരിയൽ കോളനികളെ ചെറുക്കുന്നു. പ്രമേഹം, ആർത്തവവിരാമം, ലൈംഗികബന്ധം മുതലായ ഘടകങ്ങൾ മൂത്രരോഗാണുബാധയ്‌ക്ക് സാദ്ധ്യത കൂട്ടുന്നു.
ഒരു തവണ മൂത്രരോഗാണുബാധ സ്‌ത്രീകളിൽ ഉണ്ടാവുകയാണെങ്കിൽ കൂടുതലായ പരിശോധനകൾ ആവശ്യമില്ല. മൂത്രത്തിന്റെ മൈക്രോസ്‌കോപിയും കൾച്ചറും മതിയാകും. ഇത്തരത്തിലുള്ള സ്‌ത്രീകളിലെ മൂത്രരോഗാണുബാധ മൂന്നുദിവസത്തെ ആന്റിബാക്‌ടീരിയൽ മരുന്നുകൾ കൊണ്ട് ചികിത്സിച്ചാൽ മതിയാകും. എന്നാൽ, ചികിത്സയ്‌ക്കുശേഷവും മൂത്രരോഗാണുബാധയുടെ രോഗലക്ഷണങ്ങൾ തുടരുകയാണെങ്കിൽ മൂത്രത്തിന്റെ മൈക്രോസ്‌കോപിയും കൾച്ചറും വീണ്ടും ചെയ്യേണ്ടിവരും. ആന്റിബാക്‌ടീരിയൽ മരുന്നുകൾ 7മുതൽ 10 ദിവസം വരെ കൊടുക്കേണ്ടിവരും.
ഇടവിട്ട മൂത്രരോഗാണുബാധയ്‌ക്ക് വളരെ ചെറിയ അളവിലുള്ള ആന്റിബാക്‌ടീരിയൽ മരുന്നുകൾ ദീർഘനാളത്തേക്ക് രോഗിക്ക് കൊടുക്കാറുണ്ട്. ആർത്തവവിരാമത്തിനുശേഷമുള്ള സ്‌ത്രീകളിൽ ഈസ്ട്രജൻ ക്രീമുകൾ ഇത്തരം മൂത്രരോഗാണുബാധ തടയുന്നു. ക്രാൻബറി പഴങ്ങളുടെ സത്ത്, ലാക്ടോബാസിലസ് അടങ്ങിയ പ്രോബയോട്ടിക്കുകൾ മുതലായവ കഴിക്കുന്നത് ഇടവിട്ടുള്ള മൂത്രരോഗാണുബാധയെ തടയും. ലൈംഗികബന്ധത്തിനു മുമ്പും ശേഷവും മൂത്രമൊഴിക്കുക, ലൈംഗിക പങ്കാളി ലൂബ്രിക്കേഷൻ ജെല്ലുകൾ ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങൾ ഇടവിട്ടുള്ള മൂത്രരോഗാണുബാധയെ തടയുന്നതിന് സഹായകരമാണ്.