കല്ലമ്പലം: വർഷങ്ങളായി തകർന്ന് തരിപ്പണമായി കിടന്ന പറകുന്ന് ആനാംപൊയ്ക റോഡ് കഴിഞ്ഞ മഴയിൽ വീണ്ടും തകർന്നു. കുഴികളിൽ വെള്ളംകെട്ടി കാൽനട യാത്ര പോലും അസാദ്ധ്യമായി.നാവായിക്കുളം പഞ്ചായത്തിലെ 16-ാം വാർഡിൽ ഉൾപ്പെട്ട റോഡിനെ അധികൃതർ അവഗണിച്ചു എന്നാണ് നാട്ടുകാരുടെ പരാതി.
ടാറും മണ്ണും ഒലിച്ചുപോയ റോഡിൽ വൻ കുഴികൾ രൂപപ്പെട്ടു.നൂറുകണക്കിനാളുകൾ ആശ്രയിക്കുന്ന റോഡ് നന്നാക്കണമെന്ന് വർഷങ്ങളായി നാട്ടുകാർ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധം ശക്തമാണ്. മഴക്കാലത്ത് ചെളിക്കെട്ടും വേനൽക്കാലത്ത് കുണ്ടും കുഴിയും താണ്ടി മടുത്തുവെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. സമീപ റോഡുകളും ഇട റോഡുകളും നവീകരിച്ചു എങ്കിലും ആനാംപൊയ്ക റോഡിൽ വർഷങ്ങളായി നരക യാത്ര തന്നെ. ഈ റോഡിലൂടെ ഇനി എന്നാണ് സുഗമമായി യാത്ര ചെയ്യാൻ സാധിക്കുകയെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. പുതിയ ഏതെങ്കിലും പദ്ധതിയിൽ ഉൾപ്പെടുത്തി റോഡിന്റെ പരാധീനതകൾ പരിഹരിക്കണമെന്നാവശ്യം ശക്തമാണ്.ഇത് സംബന്ധിച്ച പരാതി പൊതുപ്രവർത്തകൻ ആനാംപൊയ്ക രാധാകൃഷ്ണൻ ബന്ധപ്പെട്ടവർക്ക് നൽകി. ഫണ്ട് വരുന്ന മുറയ്ക്ക് റോഡ് നവീകരിക്കുമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.