തിരുവനന്തപുരം:ഗാന്ധിജയന്തി വാരാഘോഷവും സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലിയും ഇന്നു മുതൽ 9വരെ വിവിധ പരിപാടികളോടെ ജില്ലയിലുടനീളം നടത്താൻ തീരുമാനിച്ചതായി ഡി.സി.സി പ്രസിഡന്റ്‌ പാലോട്‌ രവി അറിയിച്ചു. ഒക്‌ടോബർ രണ്ടിന്‌ ജില്ലയിലെ 3000 കേന്ദ്രങ്ങളിൽ ഗാന്ധി ചിത്രങ്ങൾക്ക് മുമ്പിൽ പുഷ്‌പാർച്ചനയും സ്‌മൃതി സംഗമങ്ങളും സംഘടിപ്പിക്കും.തുടർന്ന്‌ മഹാത്മാഗാന്ധിയുടെ പാദസ്‌പർശമേറ്റ പുണ്യകേന്ദ്രങ്ങളിലേക്ക്‌ സ്‌മൃതിയാത്രകൾ നടത്തും.

യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ വട്ടിയൂർക്കാവ്‌ സമ്മേളനത്തിന്റെ സ്‌മരണയുണർത്തുന്ന വട്ടിയൂർക്കാവ്‌ സ്വാതന്ത്ര്യസമര സ്‌മാരകത്തിൽ നിന്ന് 2000 യുവാക്കൾ പങ്കെടുക്കുന്ന ഐക്യസന്ദേശ യാത്രയും സ്വാതന്ത്ര്യസമര സേനാനികളെ ആദരിക്കലും,കോൺഗ്രസ് യൂണിറ്റ്‌ കമ്മിറ്റികളുടെ രൂപീകരണവും സംഘടിപ്പിക്കും. കെ.പി.സി.സി പ്രസിഡന്റ്‌ കെ.സുധാകരൻ എം.പി, പ്രതിപക്ഷനേതാവ്‌ വി.ഡി.സതീശൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല, എം.പിമാരായ കെ.മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, യു.ഡി.എഫ്‌ കൺവീനർ എം.എം.ഹസൻ, എം.എൽ.എമാരായ പി.ടി.തോമസ്‌, പി.സി.വിഷ്‌ണുനാഥ്‌ തുടങ്ങിയവർ പങ്കെടുക്കും.

പ്ലാറ്റിനംജൂബിലി ആഘാഷങ്ങളുടെ ഉദ്‌ഘാടനം 8ന്‌ തിരുവനന്തപുരത്ത്‌ കെ.പി.സി.സി പ്രസിഡന്റ്‌ കെ.സുധാകരൻ എം.പി നിർവഹിക്കും. സർക്കാരിന്റെ വ്യാപകമായ മരംമുറിക്കലും വനനശീകരണവും പ്രതിരോധിക്കാൻ വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുന്ന വൃക്ഷമഹോത്സവം പരിപാടിക്കും തുടക്കമിടും.