കല്ലമ്പലം :എൽ.ടി ലൈനിൽ പണി നടക്കുന്നതിനാൽ ഇന്നലെ രാവിലെ മുതൽ വൈദ്യുതി ഉണ്ടാവില്ലെന്ന മുന്നറിയിപ്പ് നിലനിൽക്കേ അമിത വൈദ്യുതി പ്രവഹിച്ച് കെ.എസ്.ഇ.ബി മടവൂർ സെക്ഷന് കീഴിലെ കപ്പാംവിള മേഖലയിൽ വീട്ടുപകരണങ്ങൾ നശിച്ചു. ഇന്നലെ രാവിലെ 11.30 ഓടെയാണ് സംഭവം. നിരവധി വീടുകളിലെ ഫ്രിഡ്ജ്, ടി.വി, ഫാനുകൾ, ലൈറ്റുകൾ എന്നിവയാണ് നശിച്ചത്. മടവൂർ കെ.എസ്.ഇ.ബി അധികൃതരെ ബന്ധപ്പെട്ടപ്പോൾ ലൈനിൽ പക്ഷി കുടുങ്ങിയത് കൊണ്ടാണ് അമിത വൈദ്യുതി പ്രവഹിച്ചതെന്നാണ് അറിയിച്ചത്. എന്നാൽ എൽ.ടി ലൈനിലെ പണിക്കിടയിലുണ്ടായ ജീവനക്കാരുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ഈ മേഖലയിലെ വീട്ടുപകരണങ്ങളുടെ നഷ്ടം കണക്കാക്കി കെ.എസ്.ഇ.ബി മടവൂർ സെക്ഷൻ അധികൃതർക്കെതിരെ ഉന്നത അധികാരികൾക്ക് പരാതി നൽകുമെന്ന് നാട്ടുകാർ അറിയിച്ചു.