sujith-

കൊല്ലം: പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ് വനിതാ ഹോസ്റ്റലിൽ രാത്രികാലത്ത് അതിക്രമിച്ചുകയറി മെഡിക്കൽ വിദ്യാർത്ഥികളെ ആക്രമിച്ച യുവാക്കളെ പാരിപ്പള്ളി പൊലീസ് പിടികൂടി. പാരിപ്പള്ളി കിഴക്കനേല വട്ടയം സ്വദേശികളായ ചരുവിള വീട്ടിൽ സുജിത്ത് (31), ചരുവിള വീട്ടിൽ അനിൽ (34) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഹോസ്റ്റലിന്റെ ഹാളിൽ അതിക്രമിച്ചുകയറിയ പ്രതികൾ വിദ്യാർത്ഥിനികളെ അസഭ്യം പറയുകയും നഗ്നത പ്രദർശിപ്പിക്കുകയും ചെയ്തു. വിദ്യാർത്ഥിനികളുടെ ഒച്ച കേട്ട് സമീപത്തുള്ള ആൺകുട്ടികളുടെ ഹോസ്റ്റലിൽ നിന്നെത്തിയ കോളേജ് യൂണിയൻ ചെയർമാൻ അടക്കമുള്ളവർ പ്രതികളെ ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതരായ പ്രതികൾ വിദ്യാർത്ഥികളെ കമ്പിവടി ഉപയോഗിച്ച് ആക്രമിച്ചു. ഈ സമയം പാരിപ്പള്ളി മെഡിക്കൽ കോളേജ് എയ്ഡ് പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചതിനെ തുടർന്ന് പാരിപ്പള്ളി പൊലീസ് സ്ഥലത്തെത്തി കോളേജ് പരിസരത്ത് നിന്ന് പ്രതികളെ പിടികൂടുകയുമായിരുന്നു.

പാരിപ്പള്ളി ഇൻസ്‌പെക്ടർ എ. അൽജബർ, എസ്.ഐ രാമചന്ദ്രൻ, എ.എസ്.ഐ അഖിലേഷ്, സി.പി.ഒമാരായ ദീപക് ദാസ്, ബിന്ദു, അനൂപ്, സലാഹുദ്ദീൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.