ഫറോക്ക്: തെരുവുനായ ശല്യം രൂക്ഷമായതോടെ ഫറോക്കിലെ ജനം വലയുന്നു. ചുങ്കം, പേട്ട, ചന്തക്കടവ്, കള്ളിത്തൊടി, ഫറോക്ക് അങ്ങാടി, റെയിൽവേ സ്റ്റേഷൻ, കരുവൻ തിരുത്തി എന്നിവിടങ്ങളിലാണ് ഇവയുടെ വിളയാട്ടം. പ്രഭാത സവാരിക്കാർ മുതൽ പത്രവിതരണക്കാർ വരെ ഇവയുടെ ആക്രമണം നേരിടുന്നുണ്ട്. നായ്ക്കൾ ഇരുചക്ര വാഹനങ്ങൾക്ക് മുന്നിൽ ചാടി അപകടമുണ്ടാക്കുന്നതും പതിവായിയിട്ടുണ്ട്. കൂട്ടമായെത്തുന്ന തെരുവുനായ്ക്കൾക്ക് മുന്നിൽ സ്ത്രീകളും കുട്ടികളും നിസഹായരാകുകയാണ്.
കഴിഞ്ഞ ദിവസം കോമൺവെൽത്ത് ഓട്ടുകമ്പനിയുടെ മുന്നിൽ തമ്പടിച്ച നായക്കൂട്ടം ഇരുചക്ര വാഹനയാത്രക്കാരെ ആക്രമിച്ചിരുന്നു. നവംബറിൽ സ്‌കൂൾ തുറക്കുമ്പോൾ കുട്ടികളെ എങ്ങനെ അയയ്ക്കുമെന്ന ഉത്ക്കണ്ഠയിലാണ് രക്ഷിതാക്കൾ. നഗരസഭ പരിഹാരം ഉണ്ടാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.