കുറുപ്പംപടി: കാടുകയറി പെരിയാർവാലി കനാലുകൾ.ഡിസംബർ മാസം ആദ്യവാരത്തോടുകൂടിയാണ് സാധാരണയായി കനാലിൽ വെള്ളം തുറന്നുവിടുന്നത് പതിവുള്ളത്. എന്നാൽ ക്ലീനിംഗ് ജോലികളുടെ കാലതാമസം മൂലം എല്ലാ പ്രാവശ്യവും വെള്ളം തുറന്നു വിടുന്നത് വൈകുന്നത് എപ്പോഴും പതിവാണ്. കൃഷിയിടങ്ങളും ജലസേചനത്തിനും കുടിവെള്ളത്തിനും മറ്റും നിരവധി ആളുകളാണ് പെരിയാർവാലി കനാലിനെ ആശ്രയിക്കുന്നത്. ഉദ്യോഗസ്ഥരുടെ പിടിപ്പുകേടുകൊണ്ടാണ് കനാൽ ദുരവസ്ഥയിൽ എത്തിയതെന്ന് നാട്ടുകാർ പറയുന്നു. രാഷ്ട്രീയ പാർട്ടികൾ പ്രക്ഷോഭങ്ങളും സമരപരിപാടികളും സംഘടിപ്പിച്ചാൽ മാത്രമേ ക്ലീനിംഗ് ജോലികൾ പോലും തുടങ്ങുകയുള്ളൂ. ഉദ്യോഗസ്ഥരുടെ ദീർഘവീക്ഷണമില്ലാത്ത സമീപനമാണ് ഇതിന് മുഖ്യ കാരണമെന്ന് ജനപ്രതിനിധികൾ ആരോപിക്കുന്നു. വെള്ളം തുറന്നു വിടുന്നതിന് ഒരു ആഴ്ച മുമ്പ് മാത്രം നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾ നേരത്തെ നടത്തണമെന്നാണ് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ആവശ്യം. ഇതിനായി ശുചീകരണം തൊഴിലുറപ്പ് തൊഴിലാളികൾക്ക് നൽകണമെന്നാണ് ജനപ്രതിനിധികളും ജനങ്ങളും ഒന്നടങ്കം ആവശ്യപ്പെടുന്നത്. ഈ പ്രശ്നത്തിൽ ഉടനടി കളക്ടർ ഇടപെടണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെടുന്നു. ഈ കാര്യങ്ങൾ നേരത്തെ തന്നെ ആലോചിച്ച് ചെയ്താൽ മാത്രമേ ഡിസംബർ മാസം ആദ്യവാരത്തോടെ സാധാരണഗതിയിൽ പെരിയാർവാലി കനാലുകളിൽവെള്ളം തുറന്നു വിടാൻ സാധിക്കുകയുള്ളൂ.
കാട് പിടിച്ച കനാലുകൾ നന്നാക്കാൻ കാലതാമസം വന്നാൽ വെള്ളം തുറന്നു വിടാനും വൈകും. തുടർന്ന് ജലദൗർലഭ്യം രൂക്ഷമാകും. ഇപ്പോൾ തന്നെ പണി തുടങ്ങിയാലെ എല്ലാ കനാലുകളിലും വെള്ളം തുറന്നു വിടാൻ സാധിക്കു. സബ് കനാലുകൾ നന്നാകാൻ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തൊഴിലുറപ്പ് തൊഴിലാളികൾക്ക് അവസരം കൊടുക്കുവാൻ ജില്ല കലക്ടർ നിർദ്ദേശം ബന്ധപ്പെട്ടവർക്ക് കൊടുക്കണം.
പി.പി. അവറാച്ചൻ , പ്രസിഡന്റ്, മുടക്കുഴ ഗ്രാമപഞ്ചായത്ത്