പഴയങ്ങാടി: താലൂക്ക് ആശുപത്രിക്ക് വേണ്ടി നിർമ്മിക്കുന്ന ഐസൊലേഷൻ വാർഡ്, സ്റ്റാഫ് ക്വാർട്ടേഴ്‌സ് ബ്ലോക്ക് പ്രവൃത്തികളുടെ പരിശോധന എം. വിജിൻ എം.എൽ.എയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ നടത്തി. കൊവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ തീരുമാന പ്രകാരമാണ് ഐസൊലേഷൻ വാർഡ് നിർമ്മിക്കുന്നതിന് പദ്ധതി തയ്യാറാക്കിയത്. ഇതിനായി വാർഡും അനുബന്ധ ഉപകരണങ്ങളും സജ്ജമാക്കുന്നതിന് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 4 കോടി രൂപയാണ് അനുവദിച്ചത്.
10 കിടക്കകളും ഡോക്ടേഴ്‌സ് റൂം, നഴ്‌സിംഗ് റൂം, ടോയ്‌ലറ്റ്, മരുന്ന് സൂക്ഷിപ്പ് കേന്ദ്രം, അത്യാഹിത വിഭാഗം, കാത്തിരിപ്പ് കേന്ദ്രം, സ്റ്റോർ റൂം, ജനറേറ്റർ ഉൾപ്പടെ 2400 സ്‌ക്വയർ ഫീറ്റുള്ള പ്രീഫാബ് ടെക്‌നോളജി ഉപയോഗപ്പെടുത്തിയാണ് കെട്ടിടം നിർമ്മിക്കുന്നത്. നാഷണൽ ഹെൽത്ത് മിഷൻ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന സ്റ്റാഫ് ക്വാർട്ടേഴ്‌സ് ബ്ലോക്കിനായി 1.22 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. രണ്ട് ബെഡ് റൂമുകൾ, സെൻട്രൽ ഹാൾ, അടുക്കള എന്നിവ അടങ്ങിയതാണ് ക്വാർട്ടേഴ്‌സ്. എം.എൽ.എയോടൊപ്പം കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഷാജിർ, വൈസ് പ്രസിഡന്റ് ഡി. വിമല, മെമ്പർ സി.പി. മുഹമ്മദ് റഫീഖ്, നോഡൽ ഓഫീസർ ഡോ. ഒ.ടി. രാജേഷ്, കെ.എം.എസ്.സി.എൽ എൻജിനീയർമാരായ ആർ. ഗോപകുമാർ (സിവിൽ) എം.എസ്. അക്ഷയ് (ഇലക്ട്രിക്കൽ), കെൽ എൻജിനീയർമാരായ കെ.സി. അനിൽ, എൻ.എച്ച്.എം. എൻജിനീയർ പി. ജീവേഷ്, ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിനഭായ് എന്നിവരും ഉണ്ടായിരുന്നു.