photo1

പാലോട്: ദീപാവലി എന്നു കേൾക്കുമ്പോൾ മനസു തുറന്ന് ചിരിക്കുന്ന ഒരു കൂട്ടരുണ്ട്. പടക്കനിർമ്മാണ തൊഴിലാളികൾ. ഇത്തവണത്തെ ദീപാവലിക്ക് കമ്പിത്തിരിയും പൂത്തിരിയും മത്താപ്പും കണ്ണിന് കുളിർമയേകുമ്പോൾ തങ്ങളുടെ ദുരിത ദിനങ്ങൾക്ക് ശമനമാകുമെന്ന പ്രതീക്ഷയിലാണ് ഇക്കൂട്ടർ.

തിരുവനന്തപുരം ജില്ലയിലെ പ്രധാന പടക്ക നിർമ്മാണ കേന്ദ്രമാണ് നന്ദിയോട് പഞ്ചായത്തിലെ ആലംപാറ ഗ്രാമം. ഇരുപതോളം ലൈസൻസികളുടെ കീഴിൽ ആയിരത്തോളം തൊഴിലാളികളാണ് ജോലിയെടുക്കുന്നത്. ഒരു വർഷത്തെ അദ്ധ്വാനത്തിന് കൂലി ലഭിക്കുന്നത് ദീപാവലി നാളിലാണ്. ക്ഷേത്ര ഉത്സവങ്ങളും വിഷുവുമൊക്കെ പടക്ക വിപണി സജീവമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ എല്ലാം തകർന്നടിഞ്ഞു.

കൊവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടു പോകണമെന്നറിയാതെ പ്രതിസന്ധിയിലായിരുന്നു പടക്കത്തൊഴിലാളികൾ. ലൈസൻസികളുടെ ജീവിതവും ഇതുപോലെ പ്രതിസന്ധിയിലാണ്.

നിർമ്മാണത്തിനാവശ്യമായ വെടിമരുന്നും തിരിയും എത്തിക്കുന്നത് ശിവകാശിയിൽ നിന്നും ആലപ്പുഴയിൽ നിന്നുമാണ്. സീസൺ മുന്നിൽക്കണ്ട് ബാങ്ക് ലോൺ തരപ്പെടുത്തിയും കടം വാങ്ങിയും ഓരോ ലൈസൻസിയും നിർമ്മാണ സാമഗ്രികൾ എത്തിച്ചപ്പോഴേക്കും ദീപാവലി ഇങ്ങടുത്തെത്തി.

ഇനിയുള്ള കുറച്ച് ദിവസങ്ങൾ തൊഴിലാളികൾക്കും ലൈസൻസികൾക്കും വിശ്രമമില്ലാത്ത ദിവസങ്ങളാണ്. ഇവർക്ക് നിലവിൽ ക്ഷേമനിധിയോ, ഇൻഷ്വറൻസ് പരിരക്ഷയോ ലഭിക്കുന്നില്ല. മാറി മാറി വരുന്ന സർക്കാരുകൾക്ക് നിവേദനങ്ങൾ നൽകിയിട്ടും നിലവിൽ യാതൊരു നടപടികളും ഉണ്ടാകാത്തത് ഈ മേഖലയെ തകർക്കുമെന്ന ആശങ്കയുണ്ട്. കൂടാതെ അമ്പലങ്ങളിലും പള്ളികളിലും വെടിക്കെട്ടുകൾക്ക് കർശന നിയന്ത്രണങ്ങളാണ് ഉള്ളത്. നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി പടക്കനിർമ്മാണ മേഖലയെ സംരക്ഷിക്കുന്ന നടപടികൾ അധികാരികളുടെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

പ്രതീക്ഷയോടെ ദീപാവലി

പെൺകുട്ടികളുടെ വിവാഹത്തിനും കുട്ടികളുടെ വിദ്യാഭ്യാസചെലവിനും ബാങ്ക് ലോൺ തിരിച്ചടവിനും എന്നു വേണ്ട സകല കാര്യങ്ങൾക്കും ഈ തൊഴിലാളികളുടെ ആശ്രയം ദീപാവലി നാളിലെ പടക്ക കച്ചവടമാണ്. ആരാധനാലയങ്ങളിൽ വെടിക്കെട്ടിന് കർശന നിയന്ത്രണങ്ങൾ വന്നപ്പോൾ ജീവിതം നരകതുല്യമായ നാളുകളിലെ സകല വിഷമതകളും മാറുന്ന ദിനമാണ് ദീപാവലി.

പനയോല ശിവകാശിയിൽ നിന്ന്

പടക്കനിർമ്മാണത്തിനാവശ്യമായ പനയോല എത്തിക്കുന്നത് ശിവകാശിയിൽ നിന്നാണ്. ഒരു ലോഡ് പനയോല നിർമ്മാണ കേന്ദ്രത്തിലെത്തുമ്പോൾ ഏകദേശം എഴുപത്തി അയ്യായിരം രൂപയാണ് ചിലവ്. പനയോലയ്ക്ക് പതിനായിരം രൂപയുടെ വർദ്ധനയാണ് രണ്ട് മാസത്തിനുള്ളിൽ ഉണ്ടായത്.കൊവിഡ് പ്രതിസന്ധിയെ തുടർന്നുള്ള നിയന്ത്രണങ്ങളിൽ അല്പം അയവ് വന്നതിനെ തുടർന്നാണ് പനയോല എത്തിക്കാൻ കഴിഞ്ഞത്.

കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് പടക്കനിർമ്മാണ മേഖല വൻ പ്രതിസന്ധിയിലാണ്. ദീപാവലിയോടനുബന്ധിച്ചുള്ള വില്പനയിലാണ് ഏക പ്രതീക്ഷ. വെടിക്കെട്ടിനുള്ള സർക്കാർ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയാൽ ഈ മേഖലയിലെ പ്രശ്നങ്ങൾക്ക് ഒരു പരിധി വരെയെങ്കിലും പരിഹാരമാകും

സുനി ലാൽ, ശിവഫയർ വർക്സ്,

പാലുവള്ളി, നന്ദിയോട്.