ഏറ്റവും വിലപ്പെട്ട സേവനങ്ങളിലൊന്നാണ് പൊലീസ് സേനയുടേത്. സമൂഹത്തിന്റെ നിലനില്പിന് അവർ നൽകുന്ന സംരക്ഷണം കുറച്ച് കാണുന്നത് ശരിയല്ല. മറ്റ് ജോലികളെ അപേക്ഷിച്ച് സമ്മർദ്ദം വളരെ കൂടുതലുള്ള ജോലിയുമാണത്. ശമ്പളം മാത്രം വാങ്ങി മര്യാദയ്ക്ക് ജോലി ചെയ്ത് ജീവിക്കുന്ന ആയിരക്കണക്കിന് പൊലീസുകാർ നമ്മുടെ നാട്ടിലുണ്ട്. രക്ഷാകർത്താക്കളുടെ കാര്യമായാൽ പോലും കാശുവാങ്ങാതെ ഒന്നും ചെയ്തുകൊടുക്കാൻ തയ്യാറാകാത്ത കുറച്ചുപേരും ഇതേ സേനയിലുണ്ട്. മേലുദ്യോഗസ്ഥരായും കീഴുദ്യോഗസ്ഥരായും അവർ കൂടി വിലസുന്നതാണ് പൊലീസ് വകുപ്പ്. ഇവർ സേനയ്ക്ക് ഉണ്ടാക്കുന്ന നാണക്കേട് ചില്ലറയല്ല. മോൻസൺ മാവുങ്കലിന്റെ സിംഹാസനത്തിൽ മുൻ ഡി.ജി.പി ഇരിക്കുന്ന ചിത്രം പൊലീസ് സേനയ്ക്ക് ഇത്രയും നാണക്കേട് ഉണ്ടാക്കിയത് കള്ളന്റെ വീടിന് റോന്തുചുറ്റി സംരക്ഷണം നൽകാൻ ഇതേ മേധാവി തന്നെ ഉത്തരവിട്ടതിന്റെ കൂടി പേരിലാണ്. ഈ സംഭവം പുറത്തുവരും മുമ്പ് തന്നെ പൊലീസിന്റെ മുഖച്ഛായയ്ക്ക് മങ്ങലേല്‌പിക്കുന്ന ഒരുപിടി സംഭവങ്ങൾ നടന്നിരുന്നു. കൊല്ലം സ്വദേശിയായ യുവതി റിട്ടയേർഡ് പൊലീസ് ഓഫീസറുടെ സഹായത്തോടെ നിരവധി ഇൻസ്പെക്ടർമാരെയും മറ്റും ഹണിട്രാപ്പിൽ കുടുക്കിയതിന്റെ അന്വേഷണം നടന്നുവരികയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിലാണ് ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തി മകൾക്ക് ഏഴുപവന്റെ നെക്‌ലെസ് 95 ശതമാനം വിലക്കുറവിൽ വാങ്ങിയ വാർത്ത പുറത്തുവന്നത്. ശ്രീകാര്യത്ത് ബലിയിടാൻ പോയ യുവാവിൽ നിന്ന് 2000 രൂപ പെറ്റി വാങ്ങി ഒരു പൊലീസുകാരൻ 500ന്റെ രസീത് നൽകിയ സംഭവവും ഏറെ ചർച്ചയായി. ഇതിൽനിന്ന് സാധാരണ ജനങ്ങൾ മനസിലാക്കുന്നത് സേനയിൽ മുകളിലും താഴെയും ഒരേപോലെ പുഴുക്കുത്തുകൾ വീണുകഴിഞ്ഞെന്നാണ്. ഇത് ഒരു ദിവസം കൊണ്ടോ കഴിഞ്ഞ അഞ്ച് വർഷം കൊണ്ടോ സംഭവിച്ചതല്ല. ജീർണത തുടങ്ങിയിട്ട് വർഷങ്ങളായി. സത്യസന്ധമായി ജോലി ചെയ്യുന്നവർക്കെതിരെ നടപടികൾ വരികയും രാഷ്ട്രീയ പിൻബലമുള്ള കൈക്കൂലി പാപികൾക്ക് ഒരു പ്രശ്നവും ഉണ്ടാകാതെയിരിക്കുകയും ചെയ്യുമ്പോൾ മികവുള്ള ഓഫീസർമാരുടെ മനോവീര്യത്തിൽ ഇടിവ് സംഭവിക്കും. ഇത് സേനയുടെ മൊത്തത്തിലുള്ള മികവിനെ ബാധിക്കും. ഇത് മാറ്റാൻ ഒരു നല്ല അഴിച്ചുപണി തന്നെ വേണ്ടിവരും. മുഖം മിനുക്ക് കൊണ്ടൊന്നും പൊലീസിലെ ദൂഷിത വലയക്കാർ മാറാൻ പോകുന്നില്ല. നിയമപാലകർ നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്തതായി തെളിയിക്കപ്പെട്ടാൽ പിന്നീട് സേനയിൽ സ്ഥാനം കാണില്ലെന്ന് എല്ലാവർക്കും ബോദ്ധ്യപ്പെടുന്ന നടപടികളാണ് വേണ്ടത്.
സർക്കാരിന് അടിക്കടി നാണക്കേടുണ്ടാക്കുന്ന പൊലീസിനെ പഠിപ്പിക്കാൻ മുഖ്യമന്ത്രി തന്നെ നേരിട്ടിറങ്ങുന്നു എന്നതാണ് ഞങ്ങൾ ഇന്നലെ പ്രസിദ്ധീകരിച്ച മുഖ്യവാർത്ത. ഡി.ജി.പി മുതൽ എസ്.എച്ച്.ഒ വരെയുള്ളവരുടെ യോഗം ഇതിനായി ഞായറാഴ്ച കൂടുന്നുണ്ട്. പൊലീസിന്റെ പ്രവർത്തനം വിലയിരുത്തിയാണ് പൊതുജനം സർക്കാരിനെ അളക്കുന്നതെന്നും അതിനാൽ ജനപക്ഷത്തു നിന്നുകൊണ്ടാവണം കൃത്യനിർവഹണം പൊലീസ് നടത്തേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഉപദേശങ്ങൾ കൊണ്ട് മാത്രം നന്നാവുന്നവരല്ല പൊലീസുകാർ. ഇന്റലിജൻസ്, വിജിലൻസ് വകുപ്പുകൾ കാര്യക്ഷമമായി പ്രവർത്തിച്ചാൽ പേടികൊണ്ടെങ്കിലും ഇവർ നന്നാകാൻ ശ്രമിച്ചുകൂടായ്കയില്ല. അതുണ്ടായില്ലെങ്കിൽ വലിയ പേരുദോഷങ്ങൾ ഇവർ ഭാവിയിൽ വരുത്തിവയ്ക്കും.