ആശാനക്ഷരമൊന്നു പിഴച്ചാൽ ശിഷ്യന് അൻപത്തൊന്നും പിഴയ്ക്കുമെന്നാണു പ്രമാണം. സംസ്ഥാനത്തെ എൻജിനിയറിംഗ് കോളേജ് അദ്ധ്യാപകരിൽ 961 പേർ മതിയായ യോഗ്യതയില്ലാത്തവരാണെന്ന കണ്ടെത്തൽ ആശങ്കാജനകമാണ്.
എൻജിനിയറിംഗ് പഠനത്തിന്റെ നിലവാരത്തകർച്ചയെക്കുറിച്ചും കുട്ടികൾ കൂട്ടത്തോടെ പരാജയപ്പെടുന്നതിനെക്കുറിച്ചും ഇടയ്ക്കിടെ റിപ്പോർട്ടുകൾ വരാറുണ്ട്. അദ്ധ്യാപന നിലവാരത്തകർച്ചയുടെ പ്രത്യക്ഷ ഇരകളാണ് ഈ കുട്ടികളെന്ന് പലരും ഓർക്കാറില്ല. കോളേജ് അദ്ധ്യാപകരുടെ അദ്ധ്യാപന യോഗ്യത പരിശോധിച്ച് ഉറപ്പുവരുത്തേണ്ടത് സർവകലാശാലകളാണ്. ഇവിടെ എൻജിനിയറിംഗ് കോളേജുകൾക്കായി മാത്രം സാങ്കേതിക സർവകലാശാലയും പ്രവർത്തിക്കുന്നുണ്ട്. എന്നിട്ടും ഇത്തരം സാങ്കേതിക സ്ഥാപനങ്ങളിൽ പഠിപ്പിക്കുന്ന അനവധി അദ്ധ്യാപകർ മതിയായ യോഗ്യതയില്ലാത്തവരാണെന്നു വരുന്നത് കുട്ടികളോടു ചെയ്യുന്ന വലിയ ദ്രോഹമാണ്. എൻജിനിയറിംഗ് കോളേജുകളിലെ പ്രിൻസിപ്പൽ, പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ എന്നിവരുടെയൊക്കെ യോഗ്യത എ.ഐ.സി.ടി.ഇ.യാണ് നിശ്ചയിക്കുന്നത്. അതിന്റെ മാർഗനിർദ്ദേശം പാലിച്ചുവേണം എൻജിനിയറിംഗ് കോളേജുകളിൽ അദ്ധ്യാപകരെ നിയമിക്കാൻ. ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തേണ്ട ചുമതല സാങ്കേതിക സർവകലാശാലയ്ക്കാണ്.
എന്നാൽ പലതരത്തിലുള്ള സമ്മർദ്ദങ്ങൾക്കു വഴങ്ങി സർവകലാശാലയും മറ്റ് അധികാരികളും പലപ്പോഴും കണ്ണടച്ചതിന്റെ ഫലമായിട്ടാണ് മതിയായ യോഗ്യതയില്ലാത്ത 961 പേർ എൻജിനിയറിംഗ് കോളേജ് അദ്ധ്യാപകരായി ഇപ്പോഴും തുടരുന്നത്. ഇവയുടെ കൂട്ടത്തിൽ സർക്കാർ എൻജിനിയറിംഗ് കോളേജുകളും ഉണ്ടെന്നതാണ് ശ്രദ്ധേയം. സർക്കാർ എൻജിനിയറിംഗ് കോളേജുകളിൽ അദ്ധ്യാപന യോഗ്യതയില്ലാത്ത 93 പേർ ജോലി ചെയ്യുന്നുണ്ടെന്നാണു വിവരം. സർക്കാർ എയ്‌ഡഡ് എൻജിനിയറിംഗ് കോളേജുകളിൽ അത്തരക്കാർ 49 പേരാണ്. ഏറ്റവുമധികം പേരുള്ളത് സ്വാശ്രയ മേഖലയിലാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഉദാരവത്കരണം അനവധി സ്വകാര്യ എൻജിനിയറിംഗ് കോളേജുകളുടെ ഉദയത്തിനു വഴിയൊരുക്കുകയുണ്ടായി.
യോഗ്യതയുള്ള അദ്ധ്യാപകരെ ലഭിക്കാതായതോടെ യോഗ്യത കുറഞ്ഞവരെയും ഇവിടങ്ങളിൽ അദ്ധ്യാപകരായി നിയമിക്കാൻ തുടങ്ങി. നിശ്ചിത കാലയളവിനകം ഉയർന്ന യോഗ്യത നേടണമെന്ന വ്യവസ്ഥയിലായിരുന്നു ഈ നിയമനങ്ങൾ. എന്നാൽ അതു പാലിക്കപ്പെട്ടില്ലെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. സർവകലാശാലയും സർക്കാരും നിർബന്ധബുദ്ധി കാണിച്ചതുമില്ല. ഉന്നത സാങ്കേതിക സ്ഥാപനങ്ങളിൽ നിശ്ചിത യോഗ്യതയുള്ളവരേ പഠിപ്പിക്കാൻ പാടുള്ളൂ എന്ന നിബന്ധന കർക്കശമായി നടപ്പാക്കാതെ വന്നതോടെ എല്ലായിടത്തും ഈ ഗണത്തിൽപ്പെട്ടവർ ധാരാളമുണ്ടായി. അദ്ധ്യയനത്തിൽ മാത്രമല്ല, വാല്യുവേഷനിലും അതിന്റെ പോരായ്മകൾ പരക്കെ കാണാനാവും. കെടുതി അനുഭവിക്കേണ്ടിവരുന്നത് കുട്ടികളാണ്. സ്കൂൾ ക്ളാസുകളിലെന്നപോലെ സകല വിഷയങ്ങൾക്കും വിവരവും യോഗ്യതയുമുള്ള അദ്ധ്യാപകരുടെ ട്യൂഷൻ എൻജിനിയറിംഗ് വിദ്യാർത്ഥികൾക്ക് അനിവാര്യമായിത്തീർന്നിട്ടുണ്ട്.
എൻജിനിയറിംഗ് കോളേജുകളിലെ നിശ്ചിത യോഗ്യതയില്ലാത്ത അദ്ധ്യാപകരെ കണ്ടെത്താൻ സിൻഡിക്കേറ്റ് നടപടി എടുക്കുമെന്നു പറയുമ്പോഴും ഇത്രയധികം പേരെ എന്തുചെയ്യുമെന്ന് വ്യക്തതയൊന്നുമില്ല. യോഗ്യതയില്ലാത്തവരെ വച്ചുകൊണ്ടിരിക്കുന്ന കോളേജുകളുടെ അഫിലിയേഷൻ പുതുക്കി നൽകില്ലെന്ന മുന്നറിയിപ്പുമുണ്ട്. അപ്പോഴും ദുരിതം അനുഭവിക്കേണ്ടിവരുന്നത് അവിടങ്ങളിൽ പഠിക്കുന്ന കുട്ടികൾ തന്നെയല്ലേ? അധികൃതർ വരുത്തിയ വീഴ്ചകൾക്ക് കുട്ടികളെ ബലിയാടാക്കുന്നത് അനീതിയാണ്. കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കാത്തവിധം തൃപ്തികരമായ ഒരു പരിഹാരമുണ്ടാക്കാൻ ഉന്നത വിദ്യാഭ്യാസ മേഖലയിലെ അധികാരികൾ കൂട്ടായി ആലോചിച്ച് നടപടിയടുക്കുകയാണു വേണ്ടത്. യോഗ്യതയില്ലാത്തവർ കാലാകാലം അദ്ധ്യാപകരായി തുടരുന്നത് ഒട്ടും ഭംഗിയല്ല.