തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ സി.പി. നായർ (സി.പരമേശ്വരൻ നായർ-81) അന്തരിച്ചു. തിരുവനന്തപുരം കുറവൻകോണം സി 6, വിൻഡർമിസ്റ്റ് ഫ്ലാറ്റിൽ ഇന്നലെ രാവിലെ 9.40 ഓടെയായിരുന്നു അന്ത്യം. പ്രഭാത ഭക്ഷണം കഴിച്ച് അല്പസമയത്തിന് ശേഷം കുഴഞ്ഞുവീഴുകയായിരുന്നു. വൃക്കകളിലെ അണുബാധയെത്തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് രാവിലെ 10ന് ശാന്തി കവാടത്തിൽ.
ഭരണ പരിഷ്‌കാര കമ്മിഷനംഗം, ദേവസ്വം കമ്മിഷണർ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എം.വി.ഗോവിന്ദൻ, കെ.എൻ. ബാലഗോപാൽ, വീണാ ജോർജ്, ജി.ആർ. അനിൽ അടക്കമുളളവർ അന്തിമോപചാരമർപ്പിച്ചു.
പ്രശസ്‌ത സാഹിത്യകാരൻ എൻ.പി. ചെല്ലപ്പൻ നായരുടെയും കെ. കമലമ്മയുടെയും മൂന്ന് മക്കളിൽ രണ്ടാമനായി മാവേലിക്കരയിലായിരുന്നു ജനനം. മാവേലിക്കര ബിഷപ്പ് ഹോഡ്‌ജസ് ഹൈസ്‌കൂൾ, തിരുവനന്തപുരം ഗവ. ആർട്‌സ് കോളേജ്, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1959ൽ കേരള സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ ബിരുദം ഒന്നാം റാങ്കോടെ കരസ്ഥമാക്കി. കോഴഞ്ചേരി സെന്റ് തോമസ് കോളേജ്, തലശ്ശേരി ബ്രണ്ണൻ കോളേജ്, തിരുവനന്തപുരം ആർട്സ് കോളേജ് എന്നിവിടങ്ങളിൽ മൂന്നു വർഷം അദ്ധ്യാപകനായിരുന്നു.
1962 ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ്. ഒറ്റപ്പാലം സബ് കളക്‌ടറായി തുടക്കം. തിരുവനന്തപുരം ജില്ലാ കളക്‌ടർ, സിവിൽ സപ്ലൈസ് ഡയറക്‌ടർ, കൊച്ചി തുറമുഖ ട്രസ്റ്റ് ഡെപ്യൂട്ടി ചെയർമാൻ, നികുതി, തൊഴിൽ, ആഭ്യന്തര വകുപ്പ് സെക്രട്ടറി, റവന്യു ബോർഡ് മെമ്പർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. 1982 മുതൽ 87 വരെ കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്നു. 'ഇരുകാലി മൂട്ടകൾ" എന്ന കൃതിക്ക് 1994ലെ മികച്ച ഹാസ്യസാഹിത്യ കൃതിക്കുളള കേരള സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചു. 1998ൽ സർവീസിൽ നിന്ന് വിരമിച്ചു.
എസ്.സരസ്വതിയാണ് ഭാര്യ. മക്കൾ: ഗായത്രി, ഹരിശങ്കർ. മരുമക്കൾ: ദേവി, കെ.സുനിൽ. സഹോദരങ്ങൾ: ഇന്ദു ബി.നായർ, കല്യാണിക്കുട്ടി.