എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിട്ട് നാഗചൈതന്യയും സാമന്തയും
നാഗചൈതന്യയുമായി വേർപിരിയാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾക്ക് നേരെ ഇതാദ്യമായി പ്രതികരിച്ച് സാമന്ത. ''എവിടെ നിന്നാണ് ഈ അഭ്യൂഹങ്ങൾ ആരംഭിക്കുന്നതെന്ന് അറിയില്ല. പക്ഷേ നൂറുകണക്കിനു വരുന്ന മറ്റു അഭ്യൂഹങ്ങൾ പോലെ ഇതും സത്യമല്ല.
ഹൈദരാബാദ് എന്റെ വീടാണ്. എന്നും എന്റെ വീട് തന്നെയായിരിക്കും . ഹൈദരാബാദാണ് എനിക്ക് എല്ലാം തന്നത്. ഞാൻ ഇവിടെ ഇനിയും സന്തോഷമായി ജീവിക്കും." എന്ന് മറുപടി നൽകിയാണ് എല്ലാ പ്രചാരണങ്ങൾക്കും സാമന്ത വിരാമമിട്ടത്. ഒന്നിനു പിറകെ ഒന്നായി പ്രചാരണങ്ങൾ വന്നപ്പോഴൊക്കെ നാഗചൈതന്യയും സാമന്തയും നിശബ്ദത പാലിച്ചിരുന്നു. എന്നാൽ ഇപ്പോൾ നാഗചൈതന്യയും പ്രതികരിച്ചു. ''തുടക്കത്തിൽ അല്പം വേദനാജനകമായിരുന്നു. ആ സമയം കടന്നുപോയി. ടി.ആർ.പി സൃഷ്ടിക്കുന്ന ഇത്തരം വാർത്തകൾ വിസ്മരിക്കപ്പെടുമെന്നുമാണ് ""നാഗചൈതന്യയുടെ പ്രതികരണം.
തെന്നിന്ത്യൻ സിനിമയിലെ താരജോഡികളായ നാഗചൈതന്യയും സാമന്തയും വേർപിരിയുന്നുവെന്നും കൗൺസലിംഗ് ഘട്ടത്തിലാണ് ഇരുവരുമെന്നും തെലുങ്ക് മാദ്ധ്യമങ്ങളാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. സാമന്ത കരിയറിൽ കൂടുതൽ അവസരങ്ങൾ തേടാൻ ശ്രമിക്കുന്നത് നാഗചൈതന്യയെയും കുടുംബത്തെയും അസ്വസ്ഥമാക്കുന്നത് വേർപിരിയലിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുകയും ചെയ്തു . 2017 ഒക്ടോബറിലായിരുന്നു ഏറെ ആഘോഷമായി സാമന്ത - നാഗചൈതന്യ വിവാഹം. തുടർന്ന് സമൂഹമാദ്ധ്യമ അക്കൗണ്ടുകളെല്ലാം നാഗചൈതന്യയുടെ കുടുംബപേര് തന്റെ പേരിനോട് സാമന്ത ചേർത്തുവച്ചിരുന്നു. എന്നാൽ സാമന്ത അക്കിനേനി എന്ന പേര് മാറ്റി സാമന്ത പ്രഭു എന്ന പഴയ പേര് സ്വീകരിച്ചതോടെ ഗോസിപ്പുകൾക്ക് ആക്കം കൂടുകയായിരുന്നു.
നാഗചൈതന്യയുടെ കുടുംബാംഗങ്ങൾ പങ്കെടുത്ത ചടങ്ങിൽനിന്ന് സാമന്ത വിട്ടുനിൽക്കുകയും ചെയ്തതോടെ ഗോസിപ്പുകൾക്ക് വീണ്ടും ആക്കം കൂടി. എന്നാൽ എല്ലാ അഭ്യൂഹങ്ങൾക്കും ഇനി വിട .താൻ നാഗചൈതന്യയുടെ രണ്ടാം ഭാര്യയാണെന്ന് സാമന്ത പറയാറുണ്ട്. ആദ്യ ഭാര്യ തലയിണയാണ്. വിവാഹശേഷം ഒന്നു ചുംബിക്കണമെങ്കിൽ ഞങ്ങൾക്കിടയിൽ തലയിണ ഉണ്ടാകുമെന്ന് സാമന്ത മുൻപ് പറഞ്ഞത് ആരാധകർ ഹർഷാരവത്തോടെയായിരുന്നു ഏറ്റുവാങ്ങിയത്.
അതേസമയം ആമസോൺ വെബ്സീരീസായ ഫാമിലി മാൻ 2വിലെ സാമന്തയുടെ പ്രകടനം ദേശീയതലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ടു. അഭിനയജീവിതത്തിൽ വലിയ മുന്നേറ്റത്തിലാണ് നാഗചൈതന്യയും . ലവ് സ്റ്റോറി എന്ന ചിത്രത്തിന് ആദ്യദിനം ആന്ധ്രയിൽ നിന്നും തെലങ്കാനയിൽ നിന്നും ലഭിച്ചത് 10 കോടി രൂപയാണ്. ലാൽ സിംഗ് ചന്ദ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും പ്രവേശിക്കുകയാണ് നാഗചൈതന്യ.