dd

വർക്കല: വർക്കലയുടെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന വർക്കല ബൈപ്പാസ് യാഥാർത്ഥ്യത്തിലേക്ക്. മട്ടിൻമൂട് ജംഗ്ഷനിൽ നിന്ന് ശിവഗിരിയിലേക്ക് പോകുന്ന റോഡിന്റെ ഇടതുവശത്തുകൂടി കടന്നുപോകുന്ന ഒന്നര കിലോമീറ്റർ ദൂരപരിധിയിലാണ് ബൈപ്പാസ് റോഡ് നിർമ്മിക്കുന്നത്.

2016ൽ ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് 18 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി പൊതുമരാമത്ത് വിഭാഗം സർക്കാരിന് സമർപ്പിച്ചിരുന്നു. തുടർന്ന് ഭരണാനുമതിയും ലഭിച്ചു. പലപ്രാവശ്യം റോഡിന്റെ അലൈൻമെന്റ് പൂർത്തിയാക്കി കല്ലിട്ട് അടയാളപ്പെടുത്തിയെങ്കിലും നിർമ്മാണം തടസപ്പെട്ടു കിടക്കുകയായിരുന്നു.

അനുവദിച്ച തുക പര്യാപ്തമല്ലെന്ന റിപ്പോർട്ടിനെ തുടർന്നാണിത്. ഭൂമി ഏറ്റെടുപ്പ് സുഗമമാക്കാൻ സ്പെഷ്യൽ തഹസിൽദാരെ നിയോഗിച്ചിരുന്നെങ്കിലും അതും ഫലം കണ്ടില്ല. റോഡ് നിർമ്മാണം വൈകുന്നത് ഏറെ പരാതികൾക്ക് ഇടയാക്കി.

ഇതിനിടെ അഡ്വ. വി. ജോയി എം.എൽ.എയുടെ നിരന്തരമായ ഇടപെടലിനെ തുടർന്ന് 2016ലെ എസ്റ്റിമേറ്റ് തുക വർദ്ധിപ്പിച്ച് നൽകുന്നതിന് പൊതുമരാമത്ത് വിഭാഗം ചീഫ് എൻജിനിയറെ ചുമതലപ്പെടുത്തുകയും തുടർന്ന് 29.5 കോടി രൂപയുടെ റിവൈസ്ഡ് എസ്റ്റിമേറ്റ് റിപ്പോർട്ട് സംസ്ഥാന സർക്കാരിൽ സമർപ്പിക്കുകയും ചെയ്തു.

ചീഫ് എൻജിനീയർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ ബൈപാസ് റോഡ് നിർമ്മാണത്തിന് 29.5 കോടിയുടെ ഭരണാനുമതി നൽകുകയും ചെയ്തു.

സർവേ നടപടികളുടെ ഭാഗമായി റോഡ് കടന്നുപോകുന്ന ഭാഗങ്ങളിൽ അതിർത്തി നിർണയിക്കുന്നതിനായി കല്ല് പാകുന്ന നടപടികൾ ഉടൻ പുനരാരംഭിക്കും. പ്രദേശത്തെ വസ്തു ഏറ്റെടുക്കുന്നതിന് വേണ്ടിയുള്ള റവന്യൂ ചെലവുകൾക്ക് ആവശ്യമായ 30 ലക്ഷത്തോളം രൂപ സർക്കാർ ഫണ്ടിൽ നിന്ന് അനുവദിച്ചിട്ടുണ്ട്. സാമൂഹ്യ ആഘാത പഠനവും വസ്തുവിന്റെ വില നിർണയവും സർവേയും റവന്യൂ ഡിപ്പാർട്ട്മെന്റ് നടത്തേണ്ടതുണ്ട്. ബൈപ്പാസ് റോഡിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ നടത്തുന്നതിനായി ഒരു സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.