santhinagar

മുടപുരം: റോഡിലെ വെള്ളക്കെട്ട് യാത്രാദുരിതത്തിന് കാരണമാകുന്നു. കിഴുവിലം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ ശാന്തി നഗർ - പഞ്ചായത്തോഫീസ് റോഡിലാണ് വർഷങ്ങളായി വെള്ളം കെട്ടിനിൽക്കുന്നത്.

റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ചിറയിൻകീഴ് - കോരാണി റോഡിൽ മുടപുരം തൈക്കാവ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ കൂടി കടന്ന് ആയുർവേദാശുപതി - ചെറുവള്ളിമുക്ക് റോഡിലെ ശാന്തി നഗർ ജംഗ്ഷനിലാണ് ഈ റോഡ് എത്തിച്ചേരുന്നത്.

ശാന്തിനഗർ ജംഗ്ഷന് സമീപമുള്ള വളവിലാണ് വെള്ളം കെട്ടിനിൽക്കുന്നത്. അഞ്ചു വർഷം മുൻപ് ടാർ ചെയ്ത ഈ റോഡിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ കാൽനട, വാഹന യാത്രയ്ക്ക് ബുദ്ധിമുട്ടേറെയാണ്.

റോഡിൽ ചെളി കെട്ടിക്കിടക്കുന്നതിനാൽ ഇരുചക്ര വാഹനങ്ങൾ തെന്നി വീഴുക പതിവാണ്.

അശാസ്ത്രീയമായ റോഡ് നിർമ്മാണമാണ് വെള്ളം കെട്ടിനിൽക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. ഗ്രാമപഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, കൃഷി ഭവൻ, ഹോമിയോ ആശുപത്രി, മൃഗാശുപത്രി, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് തുടങ്ങി ഒട്ടേറെ ഓഫീസുകളിലും പബ്ലിക് മാർക്കറ്റിൽ പോകുന്നതിനും ഈ റോഡ് ഉപയോഗിക്കുന്നതിനാൽ വാഹന തിരക്കുള്ള റോഡാണ് ഇത്‌. റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഒരുമാസം മുൻപ് സമരം നടത്തിയെങ്കിലും നടപടി ഉണ്ടായിട്ടില്ല.