madhavan

തിരുവനന്തപുരം: സി.പി. നായരുടെ വേർപാടിൽ മനംനൊന്ത് ചെറുമകൻ മാധവൻ പി. ഹരിശങ്കർ. ശനി, ഞായർ അവധി ദിവസങ്ങളിൽ ആക്കുളത്തെ വീട്ടിൽ നിന്ന് മുത്തച്ഛന്റെ കുറവൻകോണത്തെ ഫ്ളാറ്റിലേക്ക് മാധവനെത്തും. പിന്നെ കളിചിരികളും കഥപറച്ചിലുമായി ആഘോഷമാണ്. ശ്രീകാര്യം ലൊയോള സ്‌കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിയായ മാധവൻ സി.പി. നായരുടെ മകൻ ഹരിശങ്കറിന്റെ മകനാണ്.

മുത്തച്ഛൻ ധാരാളം മന്ത്രങ്ങൾ പഠിപ്പിച്ചിട്ടുണ്ടെന്നും നാമം ചൊല്ലിയും ചോക്ലേറ്റുകൾ നൽകിയുമാണ് അവധി കഴിഞ്ഞ് യാത്രയാക്കുന്നതെന്നും മാധവൻ പറയുന്നു. മുത്തച്ഛനെഴുതിയ ഒട്ടുമിക്ക പുസ്‌തകങ്ങളും മാധവന് കാണാപ്പാഠമാണ്. മുത്തച്ഛൻ തന്റെ വിശാലമായ വായനയ്‌ക്ക് ശേഷം ഓരോ പുസ്‌തകങ്ങളും എവിടെയൊക്കെയാണ് വച്ചിരിക്കുന്നതെന്നും അറിയാം.

മാധവനെ എഴുത്തിനിരുത്തിയത് സി.പി. നായരായിരുന്നു. ഓരോ വിജയദശമി കഴിഞ്ഞും എഴുത്തിനിരുത്തുന്ന കുട്ടികളിൽ നിന്ന് ലഭിക്കുന്ന ദക്ഷിണ മുത്തച്ഛൻ തനിക്കാണ് നൽകിയിരുന്നത്, പരീക്ഷകളിൽ നല്ല മാർക്ക് നേടിയപ്പോൾ രാമായണവും മഹാഭാരതവുമാണ് മുത്തച്ഛൻ സമ്മാനിച്ചതെന്നും മാധവൻ പറഞ്ഞു.