ആറ്റിങ്ങൽ: മരച്ചീനി വാങ്ങിയ വിലസംബന്ധിച്ച തർക്കത്തെ തുടർന്ന് കച്ചവടക്കാരനെ മനപൂർവം ഓട്ടോറിക്ഷ ഇടിപ്പിച്ചതായി പരാതി. ഊരൂപൊയ്ക ബിനു നിവാസിൽ വേണുവിനാണ് (54) പരിക്കേറ്റത്. ഇയാൾ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. വെള്ളിയാഴ്ച വൈകിട്ട് 3.30 നായിരുന്നു സംഭവം.
ഓട്ടോറിക്ഷക്കാരന്റെ ബന്ധുവിന്റെ പുരയിടത്തിലെ മരച്ചീനി വേണു വിലയ്ക്ക് വാങ്ങിയിരുന്നു. 8000 രൂപയാണ് വിലയായി ആവശ്യപ്പെട്ടത്. ആദ്യം ആറായിരം രൂപയും പിന്നീട് ആയിരം രൂപയും ഉടമയ്ക്ക് നൽകിയ വേണു നഷ്ടക്കച്ചവടമായതിനാൽ 1000 രൂപ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ ഓട്ടോ ഡ്രൈവർ വേണുവിന്റെ ത്രാസ് എടുത്തുകൊണ്ടു പോയതായും പറയുന്നു. ഇതിന് പിന്നാലെ വെള്ളിയാഴ്ച മരച്ചീനി വിൽക്കുന്ന സ്ഥലത്ത് നിൽക്കുകയായിരുന്ന വേണുവിനെ ഓട്ടോറിക്ഷയിൽ എത്തി ഇടിച്ചിട്ടതായും പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ പോകുമ്പോൾ വീണ്ടും പിന്നാലെയെത്തി ഓട്ടോറിക്ഷ ഇടിപ്പിച്ചതായും വേണു പറയുന്നു.