പ്രകൃതി കനിഞ്ഞുനൽകിയ സൗന്ദര്യം വേണം അടിസ്ഥാന സൗകര്യവികസനം
വെള്ളറട: പ്രകൃതിസൗന്ദര്യം വഴിഞ്ഞൊഴുകുന്ന ആര്യങ്കോട് ഗ്രാമപഞ്ചായത്ത് ടൂറിസം വികസനത്തിന് കാതോർക്കുന്നു. സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി കേന്ദ്രങ്ങളുള്ള ഇവിടെ മിനി ടൂറിസം പദ്ധതി നടപ്പാക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലുള്ള കാലതാമസമാണ് വിലങ്ങുതടിയാകുന്നത്.
മിനി ടൂറിസം പദ്ധതി നടപ്പാക്കിയാൽ ടൂറിസം മേഖലയോടൊപ്പം പഞ്ചായത്തിലെ മറ്റ് വികസന പ്രവർത്തനങ്ങൾക്കും ഇത് സഹായകമാകുമെന്നാണ് നാട്ടുകാർ പറയുന്നത്. പഞ്ചായത്തിലെ കിഴക്കൻമല, കോയിക്കൽ, പഴിഞ്ഞിപ്പാറ, കുറ്റിയായണിക്കാട് ചാനൽ പാലം തുടങ്ങിയവയാണ് അനുപമ സൗന്ദര്യവുമായി സഞ്ചാരികളെ മാടിവിളിക്കുന്നത്. ഇവിടേക്ക് കൂടുതൽ ടൂറിസ്റ്റുകളെ എത്തിക്കാൻ മിനി ടൂറിസം പദ്ധതി ആരംഭിച്ച് ഈരാറ്റിൻപുറം, അരുവിക്കര പദ്ധതികളുമായി ബന്ധപ്പെടുത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
സാദ്ധ്യതകളേറെ....
കീഴാറൂരിലെ പഴിഞ്ഞിപ്പാറയെ ചടയമംഗലം ജടായുപാറയുടെ മാതൃകയിൽ വികസിപ്പിച്ചാൽ അനന്തമായ സാദ്ധ്യതകളാണുള്ളത്. ടൂറിസം ഭൂപടത്തിൽ ആര്യങ്കോടിന് തനത് സ്ഥാനം ലഭിക്കുന്നതിനൊപ്പം നിരവധിപേർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനും ഇതിലൂടെ സാധിക്കും. ചിറ്റാർനദി ഒഴുകുന്ന ആര്യങ്കോട് പഞ്ചായത്ത് പ്രദേശത്തുകൂടിയാണ് പഴിഞ്ഞിപ്പാറയിലെ കദളിവാഴചുനയും മാർത്താണ്ഡവർമ്മ മഹാരാജാവ് ഒളിച്ചിരുന്നുവെന്ന് പറയുന്ന ഗുഹയുമെല്ലാമുള്ളത്. ഇവയെല്ലാം വികസനത്തിന്റെ കാലൊച്ചയ്ക്ക് കാതോർക്കുകയാണ്.
വേണ്ടത് അടിയന്തര ഇടപെടൽ
മികച്ച പശ്ചാത്തലമുണ്ടായിട്ടും മിനി ടൂറിസം പദ്ധതി നടപ്പാക്കാൻ അധികൃതർ ഇച്ഛാശക്തി കാണിക്കാത്തതാണ് തിരിച്ചടിയാകുന്നത്. അസൗകര്യങ്ങളുടെ നടുവിലാണെങ്കിലും ഇപ്പോഴും നിരവധിപേർ പഴിഞ്ഞിപ്പാറയിലടക്കം എത്തുന്നുണ്ട്. എന്നാൽ ഇവർക്കാവശ്യമായ യാതൊരു സൗകര്യവും ഇവിടെ ഒരുക്കിയിട്ടില്ല. ടൂറിസ്റ്റുകൾ എത്താത്ത പ്രദേശങ്ങളിൽ ലക്ഷക്കണക്കിന് രൂപ ചെലവഴിക്കുന്ന ടൂറിസം പ്രൊമോഷൻ കൗൺസിൽ ഈ മേഖലയെ അവഗണിക്കുന്നതായാണ് നാട്ടുകാർ പറയുന്നത്.
സഞ്ചാരികളെ കാത്ത്
കിഴക്കൻമല
കോയിക്കൽ
പഴിഞ്ഞിപ്പാറ
കുറ്റിയായണിക്കാട് ചാനൽ പാലം
"പാറശാല നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളിൽ ടൂറിസം സാദ്ധ്യതകളുള്ള പ്രദേശങ്ങൾ കണ്ടെത്തി വിവിധ പദ്ധതികൾ നടപ്പാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ആര്യങ്കോട് പഞ്ചായത്തിലും ഇതിന്റെ സാദ്ധ്യതകൾ പരിശോധിക്കും."
സി.കെ. ഹരീന്ദ്രൻ എം.എൽ.എ