തിരുവനന്തപുരം: തട്ടിപ്പുകേസിലെ പ്രതികൾ കെ.പി.സി.സി അദ്ധ്യക്ഷന് ചുറ്റും പ്രത്യക്ഷപ്പെടുന്ന അവസ്ഥയാണെന്ന് സി.പി.എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അപമാനിക്കപ്പെട്ട സ്ഥിതിയിലാണിപ്പോൾ കെ.പി.സി.സി. ദേശീയതലത്തിൽ കോൺഗ്രസിന്റെ തകർച്ചയേക്കാൾ വേഗമാണ് പാർട്ടിക്ക് കേരളത്തിലുള്ളത്. പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലുമായി കെ. സുധാകരന് ബന്ധമുണ്ടെന്ന ആരോപണത്തിൽ പ്രതികരിക്കുകയായിരുന്നു വിജയരാഘവൻ.
മോൻസണുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കെ.പി.സി.സി അദ്ധ്യക്ഷന് വ്യക്തതയില്ലെന്ന് നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. കോൺഗ്രസിന്റെ അവസ്ഥ തിരിച്ചറിയാൻ ഇതുമാത്രം മതി. സംസ്ഥാനത്ത് എത്രയോ വിദഗ്ദ്ധ ഭിഷഗ്വരന്മാരുണ്ട്. ആ പട്ടികയിൽ മോൻസന്റെ പേര് കെ.പി.സി.സി പ്രസിഡന്റിനേ അറിയൂ എന്നതിലാണ് വൈചിത്ര്യം. വലിയ തട്ടിപ്പാണ് നടന്നത്. ശക്തമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്. വസ്തുതകൾ പുറത്തുവരും. മറ്റെന്തെങ്കിലും തകരാറുണ്ടായിട്ടുണ്ടെങ്കിൽ അതും പുറത്തുവരുമല്ലോ. എല്ലാം വരട്ടെ- വിജയരാഘവൻ ചോദ്യങ്ങൾക്ക് മറുപടി നൽകി.
മൂല്യങ്ങളിൽ വിശ്വസിക്കുന്നവർക്ക് കോൺഗ്രസിൽ പ്രവർത്തിക്കാനാവുന്നില്ല. കെ.പി.സി.സി പ്രസിഡന്റായിരുന്ന വി.എം. സുധീരൻ സുപ്രധാനമായ രണ്ട് സ്ഥാന
സ്ഥാനങ്ങളാണ് രാജി വച്ചത്. അത് മൂല്യവത്തായ പ്രതിഷേധമാണ്. അഭിപ്രായം പറയണമെങ്കിൽ സ്ഥാനമുപേക്ഷിക്കേണ്ടി വരുന്നു. രമേശ് ചെന്നിത്തലയ്ക്ക് രാജി വയ്ക്കാൻ പ്രത്യേകിച്ച് പദവികളില്ലാത്തതിനാൽ വേറേ ചില ട്രസ്റ്റുകളിൽ നിന്നൊക്കെ രാജിവച്ചുവെന്ന് പറയുന്നു.
എല്ലാ സംസ്ഥാനങ്ങളിലും കോൺഗ്രസ് ആഭ്യന്തര തർക്കത്തിൽ മുങ്ങിത്താഴുകയാണ്. ജനാധിപത്യത്തിനായി വാദിക്കുന്നവരെ ഒറ്റപ്പെടുത്തുന്നു. അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയെ തോല്പിക്കാവുന്ന സാഹചര്യമുണ്ടായിട്ടും സ്വാധീനമുള്ള പ്രദേശങ്ങളിലടക്കം സ്വയം തോറ്റ് കൊടുക്കുന്ന അവസ്ഥയാണെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.
കോൺഗ്രസിൽ നിന്ന് ഇനിയും നേതാക്കളെത്തും
കോൺഗ്രസിൽ നിന്ന് ഇടതുപക്ഷത്തേക്ക് ഇനിയും ധാരാളം പേർ വരാൻ പോകുകയാണെന്നും അവർക്കെല്ലാം തിരുവനന്തപുരത്ത് സ്വീകരണമൊരുക്കുമെന്നും വിജയരാഘവൻ അറിയിച്ചു. സ്വീകരണസമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും. തീയതി അടുത്ത ദിവസം നിശ്ചയിക്കും.
തത്കാലം രാഷ്ട്രീയപ്രചാരണമില്ല
അതേസമയം, മോൻസൺ മാവുങ്കലുമായി കെ. സുധാകരന് ബന്ധമുണ്ടെന്ന ആരോപണത്തിൽ പ്രത്യക്ഷ രാഷ്ട്രീയപ്രചാരണ പരിപാടികൾ വേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ ധാരണയായി. പൊലീസന്വേഷണത്തിലൂടെ പുറത്തുവരുന്ന തെളിവുകളിൽ കൂടുതൽ കുരുക്കുകൾ കണ്ടെത്തിയാൽ മാത്രം രാഷ്ട്രീയപ്രചാരണം ശക്തമാക്കിയാൽ മതി. കേസിലെ പൊലീസന്വേഷണം കൃത്യമായി നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രിയും യോഗത്തിൽ വിശദീകരിച്ചു.