തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിലെ പ്രതിയായ മുൻ സീനിയർ അക്കൗണ്ടന്റ് എം.ആർ. ബിജുലാലിനെതിരെ അഴിമതി നിരോധന നിയമപ്രകാരമുളള കുറ്റം ചുമത്തിയിട്ടുണ്ടോയെന്ന് പ്രത്യേക വിജിലൻസ് കോടതി ചോദിച്ചു. 15 ദിവസത്തിനകം ഇക്കാര്യം അറിയിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് കോടതി നിർദ്ദേശം നൽകി.
ട്രഷറിയിൽ നിന്ന് ഉദ്ദേശം രണ്ടേമുക്കാൽ കോടിരൂപ തട്ടിയെടുത്ത പ്രതിക്കെതിരെ വഞ്ചിയൂർ പൊലീസ് പണാപഹരണം, വഞ്ചനാക്കുറ്രം എന്നിവയാണ് ചുമത്തിയത്. അന്വേഷണം ഏറ്റെടുത്ത ക്രെെംബ്രാഞ്ച് പ്രത്യേകസംഘം വിജിലൻസ് അന്വേഷണം ശുപാർശ ചെയ്തെങ്കിലും നടപടിയുണ്ടായില്ല. ബിജുലാലിനും ഭാര്യ സിമി ഡി. അംബിയ്ക്കുമെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നെയ്യാറ്റിൻകര. പി. നാഗരാജ് നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം ആരാഞ്ഞത്.