തിരുവനന്തപുരം: പ്രണയം നിരസിച്ചാൽ ജീവനെടുത്ത് പക തീർക്കുന്ന ചാവേറുകളുടെ കാലത്ത് ജാഗ്രത മാത്രമാണ് രക്ഷ. പെട്രോളൊഴിച്ച് ചുട്ടെരിച്ചും നടുറോഡിലിട്ടും വീട്ടിൽ കയറിയും വെട്ടിയും കഴുത്തറുത്തുമൊക്കെയായി അഞ്ചുവർഷത്തിനിടെ കേരളത്തിൽ കൊന്നത് 14 പേരെ. പരിക്കേല്പിച്ച കേസുകൾ ആയിരത്തിലേറെ വരും. ഭ്രാന്തൻ കാമുകന്മാർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാൻ നിയമനിർമ്മാണം സർക്കാർ ആലോചിച്ചെങ്കിലും അപ്രായോഗികമെന്ന് കണ്ട് ഉപേക്ഷിച്ചു.
കൗമാരക്കാരിലെ മാനസികാരോഗ്യക്കുറവും വ്യക്തിത്വ വൈകല്യവുമാണ് പ്രണയപ്പകയുടെ കാരണങ്ങൾ. ചെറിയ ഭീഷണികൾ പെൺകുട്ടികൾ വീട്ടുകാരെപ്പോലും അറിയിക്കാറില്ല. ഇതിനായി ചൈൽഡ്ലൈൻ മാതൃകയിൽ കാൾ സെന്ററും കൗൺസലിംഗുമൊരുക്കണം. പരാതികളിൽ ഒത്തുതീർപ്പുണ്ടാക്കുകയാണ് പൊലീസ്. കണ്ണൂരിലെ ഡെന്റൽ വിദ്യാർത്ഥിനി മാനസ ഈ ഒത്തുതീർപ്പിന്റെ ഇരയാണ്.
മലപ്പുറത്തെ എൽഎൽ.ബി വിദ്യാർത്ഥി ദൃശ്യ, കോതമംഗലത്തെ ബി.ഡി.എസ് വിദ്യാർത്ഥി മാനസ, മാവേലിക്കരയിലെ പൊലീസുകാരി സൗമ്യ, തൃശൂരിൽ എൻജിനിയറിംഗ് വിദ്യാർത്ഥി നീതു, കൊച്ചിയിൽ പ്ലസ്ടു വിദ്യാർത്ഥി ഈവ, കോട്ടയത്തെ ഫിസിയോതെറാപ്പി വിദ്യാർത്ഥി ലക്ഷ്മി, തിരുവനന്തപുരത്തെ 19കാരി അഷിക, കൊച്ചിയിലെ പ്ലസ്ടു വിദ്യാർത്ഥി ദേവിക, തിരൂരിൽ ബംഗാളി തീവച്ചുകൊന്ന 15കാരി, കാസർകോട് സുള്യയിലെ വിദ്യാർത്ഥി... ഇരകൾ ഇങ്ങനെ നീളും.
മക്കളെ നന്നായി വളർത്താം
കുട്ടികളുടെ മനസിലുള്ളത് വീടുകളിൽ പങ്കുവയ്ക്കാനാവണം. ആഗ്രഹിച്ചതെല്ലാം നേടി വളരുന്നവർ, പ്രണയം നിരസിക്കപ്പെടുമ്പോൾ പ്രതികാരദാഹിയാവുന്നു
പിറകേ നടന്ന് പിടിച്ചുപറ്റേണ്ടതല്ല പ്രണയമെന്നും ഏതൊരു ബന്ധത്തിലും വിയോജിപ്പ് രേഖപ്പെടുത്താനുള്ള സ്വാതന്ത്ര്യമുണ്ടെന്നും മക്കളെ പഠിപ്പിക്കണം
സമൂഹത്തിൽ എങ്ങനെ പെരുമാറണമെന്നും മാനസികാരോഗ്യം കൈവരിക്കേണ്ടതെങ്ങനെയെന്നും പഠിപ്പിക്കണം. പാഠ്യപദ്ധതിലും ഉൾപ്പെടുത്തണം.
തുടർച്ചയായി പ്രശ്നമുണ്ടാക്കുന്നവരെ കൗൺസലിംഗിനയയ്ക്കണം. പെൺകുട്ടികൾക്കും ബോധവത്കരണം നൽകണം
അപായസൂചനകൾ
1)വൈകാരികമായ ബ്ലാക്ക്മെയിലിംഗ്
2)വ്യക്തിസ്വാതന്ത്ര്യങ്ങൾ നിയന്ത്രിക്കൽ
3)ഫോൺവിളി, സാമൂഹ്യമാദ്ധ്യമ പേരിൽ കലഹം
4)തുടർച്ചയായി ആത്മഹത്യാഭീഷണി
5)ശരീരത്തിൽ മുറിവുണ്ടാക്കൽ
350
സ്ത്രീകൾക്ക് പ്രണയിച്ചതിന്റെയും നിരസിച്ചതിന്റെയും പേരിൽ ജീവൻ നഷ്ടമായി (2017-20കാലത്ത്)
96
യുവതികളാണ് 2020ൽ പ്രണയബന്ധങ്ങളുടെ പേരിൽ ആത്മഹത്യചെയ്തത്
" കുട്ടികളിലെ മാനസികവൈകല്യങ്ങൾ കണ്ടുപിടിക്കാൻ അദ്ധ്യാപകരെ പരിശീലിപ്പിക്കും."
-പിണറായി വിജയൻ
മുഖ്യമന്ത്രി
"ഗുരുതരമായ മാനസികവൈകല്യമാണിത്. ചികിത്സയാണ് പോംവഴി."
- ഡോ. മോഹൻറോയ്
മാനസികാരോഗ്യ വിദഗ്ദ്ധൻ