ബാലരാമപുരം: ഭാര്യയെ തുറിച്ച് നോക്കിയെന്ന് ആരോപിച്ച് യുവാക്കളെ ക്രൂരമായി മർദ്ദിച്ചവശരാക്കി. പെരിങ്ങമല ഓറഞ്ച് ബേക്കറിക്ക് മുന്നിൽ കഴിഞ്ഞ ദിവസം രാത്രി 7.30ഓടെയാണ് സംഭവം. വെങ്ങാനൂർ മാറവത്തല ആരിഷ് ഭവനിൽ അഖിൽ വിജയ് (31)​,​ വെണ്ണിയൂർ പുതുവൽ പുത്തൻവീട്ടിൽ കൃഷ്ണകുമാർ (30)​ എന്നിവർക്കാണ് മർദ്ദനമേറ്റത്. അഖിലിന്റെ ചെവിയിൽ ആറ് തുന്നലും തലയ്ക്കും തോളിനും ദേഹത്തും ക്ഷതവുമേറ്റിട്ടുണ്ട്. കൃഷ്‌ണകുമാറിന്റെ രണ്ട് പല്ലുകൾക്കും മൂക്കിന്റെ പാലത്തിലെ എല്ലുകൾക്കും പരിക്കുണ്ട്.

സംഭവം ഇങ്ങനെ: സുഹൃത്തിന്റെ ജന്മദിനത്തിന് കേക്ക് വാങ്ങുന്നതിനായി ബേക്കറിയിലെത്തിയതായിരുന്നു യുവാക്കൾ. ഇതിനിടെയാണ് ജ്യൂസ് കുടിക്കുന്നതിനും സാധനം വാങ്ങുന്നതിനും ദമ്പതികളെത്തിയത്. കേക്കിന്റെ പൈസ നൽകാൻ അഖിൽ കടയിൽ നിൽക്കവെ കൃഷ്ണകുമാർ പുറത്തേക്കിറങ്ങി. തറയിൽ വീണ താക്കോലെടുത്ത് മുന്നോട്ട് നടക്കുമ്പോൾ ' തന്റെ ഭാര്യയെ നോക്കി മതിയായില്ലേടാ, എന്റെ ഭാര്യയാണ് കാമുകിയല്ല ' എന്ന് ആക്രോശിച്ചാണ് അച്ചു എന്ന യുവാവ് കൃഷ്ണകുമാറിനെതിരെ തിരിഞ്ഞത്. ' ഞാൻ നിങ്ങൾക്ക് ഉപദ്രവം ഉണ്ടാക്കിയോ ' എന്ന് ദമ്പതികളുടെ ബൈക്കിനരികിലെത്തി കൃഷ്ണകുമാർ ചോദിച്ചപ്പോൾ വീണ്ടും വാക്കേറ്റമായി. പോകാമെന്ന് ഭാര്യ പറഞ്ഞെങ്കിലും യുവാവ് കൂട്ടാക്കാതെ വാക്കേറ്റം തുടരുകയും കൃഷ്ണകുമാറിനെ തറയിൽ തള്ളിയിട്ട് മർദ്ദിക്കുകയുമായിരുന്നു. പിന്നാലെ സുഹൃത്ത് അഖിൽ വിജയനെയും യുവാവ് റോഡിലിട്ട് ക്രൂരമായി തല്ലി. നാട്ടുകാർ കാരണം ചോദിച്ചെങ്കിലും അതൊന്നും വകവയ്ക്കാതെ യുവാവ് ആക്രമണം തുടരുകയായിരുന്നു.
ഒടുവിൽ നാട്ടുകാർ ഇടപെട്ട് യുവാവിനെ നേമം പൊലീസിന് കൈമാറിയെങ്കിലും സ്റ്റേഷൻ പരിധി ബാലരാമപുരമായതിനാൽ കേസെടുക്കാമെന്ന് പറഞ്ഞ് യുവാവിനെ വിട്ടശേഷം പരിക്കേറ്റ യുവാക്കളെ ആശുപത്രിയിൽ പോകാൻ നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് കൃഷ്ണകുമാറും അഖിലും വിഴിഞ്ഞം ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. യുവാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബാലരാമപുരം പൊലീസ് കേസെടുത്തിട്ടുണ്ട്. സ്റ്രേഷൻ അതിർത്തിയിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതിനാൽ കേസ് നേമം പൊലീസിന് കൈമാറിയേക്കും.