ചിറയിൻകീഴ്:ശാർക്കര ശ്രീനാരായണ ഗുരുദേവ ക്ഷേത്ര സമിതി നിർദ്ധന വിദ്യാർത്ഥികൾക്കു ഓൺലൈൻ സാദ്ധ്യമാക്കുന്നതിനു ആവിഷ്കരിച്ച വിദ്യാർത്ഥികൾക്കൊരു കൈത്താങ്ങ് പദ്ധതിയുടെ ഉദ്ഘാടനം നടന്നു. ഗുരുക്ഷേത്ര മണ്ഡപത്തിൽ നടന്ന ചടങ്ങിൽ വർക്കല എം.എൽ.എ വി.ജോയി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു.ശാർക്കര എസ്.എൻ.ജി ട്രസ്റ്റ് സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, ട്രസ്റ്റ് ഭരണ സമിതി അംഗം പുതുക്കരി സിദ്ധാർഥൻ , യൂണിയൻ കൗൺസിലർമാരായ സി.കൃത്തിദാസ്, ഡി. ചിത്രാംഗദൻ, യോഗം ഡയറക്ടർ അഴൂർ ബിജു, എസ്.എൻ ട്രസ്റ്റ് ബോർഡംഗം സന്തോഷ് പുതുക്കരി, ഗുരുക്ഷേത്ര കാര്യദർശി ജി. ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ അഴൂർ ഗവൺമെന്റ് ഹൈസ്കൂളിൽ നിന്നു തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കുളള സ്മാർട്ട് ഫോണുകൾ വിദ്യാർത്ഥികളുടെ സാന്നിദ്ധ്യത്തിൽ സ്കൂൾ അദ്ധ്യാപിക മിനിക്കു വി. ജോയി എം.എൽ.എ കൈമാറി. ഓൺലൈൻ പഠന സഹായ ആദ്യ ഘട്ടപദ്ധതിയിലേക്കുള്ള സ്മാർട്ട് ഫോണുകൾ വാങ്ങി നൽകിയിട്ടുളളത് എസ്.എൻ.ഡി.പി ചിറയിൻകീഴ് യൂണിയൻ കൗൺസിലറും പെരുങ്ങുഴി നാലുമുക്ക് സി.എസ്. ഏജൻസീസ് ആൻഡ് ഇലക്ട്രിക്കൽസ് ഉടമ സി.കൃത്തിദാസാണ്.