തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകാരൻ മോൻസണിന് മുൻ പൊലീസ് മേധാവി
സിംഹാസനത്തിലിരുന്ന് 'അംശവടി' പിടിച്ചുകൊടുത്തെന്ന ആരോപണ ശരമെയ്ത്ത്
സർക്കാരിനെ കടന്നാക്രമിക്കാൻ പ്രതിപക്ഷം. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ ഇതേ തട്ടിപ്പുകാരൻ ചികിത്സിച്ച മരുന്നെടുത്ത് പ്രതിരോധമൊരുക്കാൻ ഭരണപക്ഷം. ആര് ആരെ വീഴ്ത്തും?. പൂർണ്ണമായും നിയമനിർമ്മാണം ലക്ഷ്യമിട്ട് തിങ്കളാഴ്ച തുടങ്ങുന്ന പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനത്തിന് കൊഴുപ്പേകാൻ ഇതുൾപ്പെടെ ഇരു പക്ഷത്തിനും രാഷ്ട്രീയായുധങ്ങളേറെ.
മുട്ടിൽ മരംമുറി, കൊവിഡ് മരണക്കണക്കിലെ തർക്കം, പ്ലസ് വൺ പ്രവേശനത്തിലെ അനിശ്ചിതാവസ്ഥ എന്നിങ്ങനെ രാഷ്ട്രീയ, ജനകീയ വിഷയങ്ങളാണ് പ്രതിപക്ഷത്തിന്റെ കരുക്കൾ. പ്ലസ് വൺ പ്രവേശനം സാദ്ധ്യമാകാത്ത നിരവധി കുട്ടികളിപ്പോഴും മലബാർ മേഖലയിൽ ഉൾപ്പെടെയുണ്ട്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണക്കണക്കിൽ തർക്കം തുടരുന്നു.
മുട്ടിൽ മരം മുറിക്കേസിൽ കുറ്റപത്രം യഥാസമയം നൽകാത്തതിന്റെ പേരിൽ പ്രതികൾക്ക് ജാമ്യം ലഭിച്ചത് പ്രതിപക്ഷത്തിന് കിട്ടിയ മികച്ച ആയുധമാണ്. കേസിൽ ഒത്തുകളി ആക്ഷേപം അവർ കനപ്പിക്കും. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റപ്പോൾ മുതൽ ഈ വിഷയമുയർത്തി പ്രതിപക്ഷം സർക്കാരിനെതിരെ രംഗത്തുണ്ട്.
പാലാ ബിഷപ്പിന്റെ നാർകോട്ടിക് ജിഹാദ് പരാമർശം സൃഷ്ടിച്ച പൊല്ലാപ്പ് പല വിധത്തിലുള്ള പ്രതികരണങ്ങൾ സമൂഹത്തിൽ ഉയർത്തിവിട്ടെങ്കിലും, ഭരണ- പ്രതിപക്ഷങ്ങൾ അത് സഭയിൽ പരസ്പരായുധമായി ഉപയോഗിച്ചേക്കില്ല. കോൺഗ്രസിനകത്തെ ആഭ്യന്തര തർക്കങ്ങളും നേതാക്കളുടെ കൂടുവിട്ട് കൂടുമാറലുമെല്ലാം പ്രതിപക്ഷത്തെ എതിരിടാൻ ഭരണപക്ഷം ആയുധമാക്കും. 24 ദിവസം നീളുന്ന സഭാസമ്മേളനം നവംബർ 12ന് അവസാനിക്കും.