11 കിലോമീറ്റർ ചുറ്റളവിലുള്ള നാട്ടുകാർക്ക് സൗജന്യയാത്ര
റോഡിലെ അശാസ്‌ത്രീയത പരിഹരിക്കാൻ പാലക്കാട് ഐ.ഐ.ടിയിലെ വിദഗ്ദ്ധരെത്തും
തിരുവനന്തപുരം: 47 ദിവസം നീണ്ട സമരത്തിനൊടുവിൽ തിരുവല്ലം ടോൾ പ്ലാസയിലെ സമരം അവസാനിച്ചു. മന്ത്രി വി. ശിവൻകുട്ടി വിളിച്ചുചേർത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഇന്ന് മുതൽ ടോൾ പിരിച്ച് തുടങ്ങും. സമരം വിജയിച്ചെന്നാണ് എല്ലാ രാഷ്‌ട്രീയ പാർട്ടി പ്രതിനിധികളും അവകാശപ്പെടുന്നത്. എന്നാൽ പണിതീരാത്ത റോഡിൽ ടോൾ പിരിവ് അനുവദിക്കില്ലെന്നായിരുന്നു സമരത്തിലെ പ്രധാന മുദ്രാവാക്യം.
കുമരിച്ചന്ത മുതൽ കോവളം ഭാഗത്തേക്കുള്ള 11 കിലോമീറ്റർ പ്രദേശത്ത് നാട്ടുകാരുടെ കാർ അടക്കമുള്ള വാഹനങ്ങൾക്ക് സൗജന്യമായി ടോൾ പ്ലാസ വഴി കടന്നുപോകാൻ അനുവാദം ലഭിച്ചെന്നതാണ് സമരത്തിന്റെ നേട്ടം. ഇതിനായി ഒരാഴ്‌ചത്തേക്ക് തിരിച്ചറിയൽ രേഖകളും അതിനുശേഷം സൗജന്യ പാസും പരിസരവാസികൾക്ക് ഉപയോഗിക്കാം. പാസ് വിതരണവും ആരംഭിച്ചു. നേരത്തെ അഞ്ച് കിലോമീറ്ററിനുള്ളിലുള്ളവർക്ക് സൗജന്യം നൽകാനായിരുന്നു അധികൃതർ തീരുമാനിച്ചിരുന്നത്. ടോൾ പ്ലാസ പ്രദേശത്തെ വെള്ളക്കെട്ട് ഒരാഴ്‌ചയ്‌ക്കകം പരിഹരിക്കുമെന്നാണ് സർവകക്ഷി യോഗത്തിലുണ്ടായ തീരുമാനം.
തിരുവല്ലം ജംഗ്ഷനിൽ ഒരു മാസത്തിനകം പുതിയ പാലത്തിന് ടെൻഡർ വിളിക്കും. കോവളം പാറോട് പ്രദേശത്തെ നിർമ്മാണത്തിലെ അശാസ്ത്രീയത പരിഹരിക്കുന്നതിനായി പാലക്കാട് ഐ.ഐ.ടിയിലെ വിദദ്ധരെത്തി റിപ്പോർട്ട് തയ്യാറാക്കും. മന്ത്രിയെക്കൂടാതെ ജില്ലാ കളക്‌ടർ നവജ്യോത് ഖോസ, എം.വിൻസെന്റ് എം.എൽ.എ, ഡി.സി.പി വൈഭവ് സക്സേന, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ദേശീയ പാതാ അതോറിട്ടി പ്രോജക്‌ട് ഡയറക്‌ടർ പ്രവീൺ കുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ആഹ്ലാദ പ്രകടനം നടത്തി സമരക്കാർ
ടോൾ സമരം ഒത്തുതീർന്നതിനു പിന്നാലെ കോൺഗ്രസ്, സി.പി.എം, സി.പി.ഐ അടക്കമുള്ള രാഷ്‌ട്രീയ കക്ഷികൾ തിരുവല്ലത്ത് ആഹ്ലാദ പ്രകടനം നടത്തി. കോൺഗ്രസ് തുടങ്ങിവച്ച സമരം വിജയകരമായി അവസാനിക്കുന്നത് കോൺഗ്രസ് പ്രവർത്തകരുടെയും നേതാക്കളുടെയും ആത്മാർത്ഥമായ പരിശ്രമവും പങ്കാളിത്തവും കൊണ്ടാണെന്ന് എം. വിൻസന്റ് എം.എൽ.എ പറഞ്ഞു. സർവകക്ഷി യോഗത്തിനുശേഷം എം.എൽ.എ സമരപ്പന്തലിലെത്തി സമരസമിതി നേതാക്കൾക്ക് മധുരം വിതരണം ചെയ്‌തു. ഡി.സി.സി ട്രഷറർ അഭിലാഷ്, പനത്തുറ പുരുഷോത്തമൻ, ജയചന്ദ്രൻ, പദ്മകുമാർ, എ.എസ്. പ്രസാദ് അടക്കമുള്ളവർ ആഹ്ലാദ പ്രകടനത്തിന് നേതൃത്വം നൽകി.
സി.പി.ഐ സമരവിജയത്തിന്റെ ആഹ്ലാദ യോഗം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ ഉദ്ഘാടനം ചെയ്‌തു. കാഞ്ഞിരംകുളം ഗോപാലകൃഷ്‌ണൻ, കെ. ചന്ദ്രചൂഡൻ, തിരുവല്ലം ഗോപാലകൃഷ്‌ണൻ നായർ, കാലടി ജയചന്ദ്രൻ അടക്കമുള്ള നേതാക്കൾ പങ്കെടുത്തു. സി.പി.എമ്മിന്റെ നേതൃത്വത്തിൽ നടന്ന ആഹ്ലാദപ്രകടനം കോവളം ഏരിയാ സെക്രട്ടറി പി.എസ്. ഹരികുമാർ ഉദ്ഘാടനം ചെയ്‌തു. എ.ജെ. സുക്കാർണോ, കെ.ജി. സനൽ അടക്കമുള്ളവർ നേതൃത്വം നൽകി.
കേരളകൗമുദിക്കും അഭിനന്ദനം
47 ദിവസം നീണ്ട തിരുവല്ലത്തെ ടോൾ സമരത്തിന് പിന്തുണ നൽകിയ കേരളകൗമുദിക്ക് സി.പി.ഐ സമരപ്പന്തലിൽ അഭിനന്ദനം. എല്ലാ ദിവസവും ടോൾ സമരവാർത്ത ജനങ്ങളിലെത്തിക്കാൻ കേരളകൗമുദി വളരെയധികം ശ്രദ്ധിച്ചിരുന്നെന്ന് സമരപ്പന്തലിൽ സി.പി.ഐ നേമം മണ്ഡലം സെകട്ടറി കാലടി ജയചന്ദ്രൻ പറഞ്ഞു. ടോൾ സമരം വിജയിപ്പിക്കുന്നതിന് കേരളകൗമുദി വഹിച്ച പങ്ക് മറക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.