minister-k-rajan


 ടോൾ ഫ്രീ നമ്പർ: 1800 42 552 55

 റവന്യു വകുപ്പ് കോൾ സെന്റർ പ്രവർത്തനം തുടങ്ങി


തിരുവനന്തപുരം:റവന്യു വകുപ്പ് കോൾ സെന്റർ പരാതി പരിഹാര സെല്ലിന്റെ രണ്ടാം ഘട്ടമെന്ന നിലയിൽ ലാന്റ് ബോർഡുകളിലും ലാന്റ് അപ്പലെറ്റുകളിലും കെട്ടിക്കിടക്കുന്ന ഫയലുകൾ അവയുടെ ഗൗരവ സ്വഭാവത്തിനനുസൃതമായി തരംതിരിക്കും. കളർകോഡ് നൽകി ഫയൽ തയ്യാറാക്കിവയ്ക്കാൻ വകുപ്പ് മേധാവികളോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി കെ. രാജൻ പറഞ്ഞു. റവന്യു-ഭവന നിർമ്മാണ വകുപ്പിന്റെ പരാതി പരിഹാര സെല്ലിന്റെ കോൾ സെന്റർ പ്രവർത്തനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏതാണ്ട് 1,90,000 പരാതികൾ ഉണ്ട് . അവയിൽ തീർപ്പ് കല്പിക്കാൻ ഒരു വിധത്തിലും സാദ്ധ്യതയില്ലാത്ത 25,000 കേസുകൾ മാറ്റിവച്ചാൽപോലും പ്രശ്നപരിഹാരം തേടാവുന്ന 1,60,000 ത്തിലേറെ ഫയലുകൾ വരും. ഇവ പൂർത്തീകരിച്ചാൽ ആറു മാസത്തിനകം 1,00,000 പട്ടയമെന്ന വകുപ്പിന്റെ സ്വപ്നം പൂവണിയുമെന്നും മന്ത്രി പറഞ്ഞു.
ലോകത്തിന്റെ ഏതു കോണിലിരുന്നും പൊതുജനങ്ങൾക്ക് പരാതി ഉന്നയിക്കാനോ വിവരങ്ങൾ ആരായുന്നതിനോ കോൾ സെന്ററിലൂടെ സാധിക്കും. സുതാര്യവും ആയാസരഹിതവുമായ മാർഗങ്ങളിലൂടെ റവന്യുസർവീസ് കൂടൂതൽ ജനകീയമാക്കുന്നതിൽ പ്രധാനപ്പെട്ട കാൽവയ്പ്പാണ് വകുപ്പിന്റെ കോൾ സെന്റർ.

രാവിലെ 10 മുതൽ വൈകിട്ട് 5 വരെ കോൾസെന്ററിന്റെ സേവനം ലഭ്യമാവും. കോൾ എടുക്കുന്ന ഉദ്യോഗസ്ഥർക്ക് പരിഹാരം കണ്ടെത്താൻ സാധിക്കുന്നവയാണെങ്കിൽ അപ്രകാരവും അല്ലാത്തവ ഫോൺ ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറിയും പരിഹാരം നിർദ്ദേശിക്കും.ഉടൻ പരിഹാരം ലഭിക്കാത്തവയാണെങ്കിൽ കോൾ റെക്കോർഡ് ചെയ്ത് പരിശോധിച്ച് 48 മണിക്കൂറിനകം മറുപടി നൽകുമെന്നും മന്ത്രി പറഞ്ഞു.

വി.കെ.പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഐ.എൽ.ഡി.എം ഡയറക്ടർ ഡോ. ഡി. സജിത് ബാബു , ലാന്റ് റവന്യു കമ്മിഷണർ കെ. ബിജു , സർവെ ഡയറക്ടർ ശ്രീറാം സാംബശിവ റാവു എന്നിവർ സംസാരിച്ചു.