തിരുവനന്തപുരം: രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ 'സസ്‌നേഹം സഹജീവിക്കായി' എന്ന കാമ്പെയിന് തുടക്കമായി. തിരുവനന്തപുരം ഗോർഖി ഭവനിൽ നടന്ന ദേശീയ സന്നദ്ധ രക്തദാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ മന്ത്രി വീണാ ജോർജ് കാമ്പെയിനിന്റെ ലോഗോ പ്രകാശനം ചെയ്തു. രക്തദാന മേഖലയിൽ സ്തുത്യർഹമായ സേവനം നടത്തിയ സംഘടനകൾക്കുള്ള അവാർഡുകളും പ്രഖ്യാപിച്ചു. ന്യൂ ഇന്ത്യാ @75 എന്ന പരിപാടിയിലെ വിജയികൾക്ക് മന്ത്രി സമ്മാനങ്ങൾ നൽകി.
കാമ്പെയിനിന്റെ ഗുഡ്‌വിൽ അംബാസഡർമാരായ മഞ്ജുവാര്യർ, നീരജ് മാധവ് എന്നിവർ ഓൺലൈനായി ആശംസകൾ അർപ്പിച്ചു. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.വി.ആർ. രാജു, കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി പ്രോജക്ട് ഡയറക്ടർ ഡോ.ആർ. രമേശ്, ബോധവത്കരണ വിഭാഗം ജോയിന്റ് ഡയറക്ടർ രശ്മി മാധവൻ എന്നിവർ പങ്കെടുത്തു.