തിരുവനന്തപുരം: വസതിക്ക് മുന്നിൽ രാപ്പകൽ തോക്കേന്തിയ രണ്ട് പൊലീസുകാർ, ഔദ്യോഗിക ഇന്നോവ കൂടാതെ കിൻഫ്ര, പൊലീസ് വാഹനങ്ങൾ, രണ്ട് വീട്ടുജോലിക്കാരെ ഓഫീസ് അസിസ്റ്റന്റുമാരാക്കി ശമ്പളം സർക്കാരിൽ നിന്ന്, കുടുംബാംഗങ്ങളുടെ ആവശ്യത്തിന് വാഹനമോടിക്കാൻ രണ്ട് ഡ്രൈവർമാർ. മുഖ്യവിവരാവകാശ കമ്മിഷണർ വിശ്വാസ് മേത്ത വിലസുന്നത് ഇങ്ങനെയൊക്കെയാണ്.
ചീഫ്സെക്രട്ടറിയായി വിരമിച്ച മേത്തയ്ക്ക് പുതിയപദവിയിൽ 2.25 ലക്ഷം രൂപ ശമ്പളം, പരിധിയില്ലാത്ത യാത്രാബത്ത, ഇന്നോവ കാർ, 11,400 രൂപ പ്രതിമാസ അലവൻസ്, സുപ്രീംകോടതി ജഡ്‌ജിയുടെ റാങ്ക് എന്നിവയ്ക്കെല്ലാം പുറമെയാണ് ഈ ധൂർത്ത്. വിരമിച്ചിട്ടും ഏറെക്കാലം രണ്ട് പുത്തൻ പൊലീസ് വാഹനങ്ങൾ മേത്തയുടെ കൈവശമുണ്ടായിരുന്നു. പൊലീസ് ആസ്ഥാനത്തെ എ.ഐ.ജി ഉടക്കിയതോടെ തിരിച്ചുനൽകി. കിൻഫ്രയുടെ രണ്ട് വാടകവണ്ടികൾ വീട്ടിൽ മീൻ വാങ്ങാനും ഭാര്യയ്ക്കും മക്കൾക്കും യാത്രയ്ക്കുമായി അടുത്തിടെ വരെ ഉപയോഗിച്ചിരുന്നു. ലോഗ് ബുക്കില്ലാത്ത വണ്ടികളിൽ പൊലീസിനെ മുൻ സീറ്റിലിരുത്തി എവിടെയും പോകാം. സായുധരായ രണ്ട് പേഴ്സണൽ സെക്യൂരിറ്റി ഓഫീസർമാർ. രണ്ട് വീട്ടുജോലിക്കാർ ഇടയ്ക്കിടെ കമ്മിഷനിലെത്തി ഹാജർ ബുക്കിൽ ഒപ്പിടും. ഇവർക്ക് ദിവസക്കൂലി 600 രൂപ ഖജനാവിൽ നിന്ന്. ഡ്രൈവർമാരുടെ ശമ്പളവും ഇങ്ങനെ തന്നെ. നേരത്തേ പൊലീസിനായി വാങ്ങിയ ആഡംബര കാർ 'ജീപ്പ് ' ഡി.ജി.പിയായിരുന്ന ലോക്‌നാഥ് ബെഹ്റ, ചീഫ്സെക്രട്ടറിയായിരുന്ന മേത്തയുടെ ഉപയോഗത്തിന് നൽകിയത് വിവാദമായിരുന്നു.
സിവിൽ സർവീസുകാർക്ക് വിരമിച്ചാലും പുതിയ ലാവണം പതിവായിട്ടുണ്ട്. പൊലീസ് മേധാവിയായിരുന്ന ലോക്‌നാഥ് ബെഹ്റയെ കൊച്ചി മെട്രോ എം.ഡിയാക്കിയതാണ് അവസാനത്തേത്. സർവീസിൽ വിവാദങ്ങളേറെയുണ്ടാക്കിയ ടോം ജോസിനെ ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ചെയർമാനാക്കി.
ഇവർ മാതൃകകൾ:
₹വിൻസൻ എം.പോൾ
ഡി.ജി.പി സ്ഥാനത്ത് നിന്ന് വിരമിച്ചിട്ടും, മുഖ്യവിവരാവകാശ കമ്മിഷണറായപ്പോൾ സുരക്ഷയ്ക്ക് പൊലീസുകാരെ നിയോഗിച്ചില്ല. സ്വന്തം കാര്യത്തിന് വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെ പോകാനും ഔദ്യോഗിക വാഹനം ഉപയോഗിച്ചില്ല. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വ്യായാമത്തിനെത്തിയതും സ്വന്തം കാറിൽ.
എസ്.എം.വിജയാനന്ദ്
ചീഫ്സെക്രട്ടറിയായി വിരമിച്ച ശേഷം ധനകാര്യ കമ്മിഷൻ അദ്ധ്യക്ഷനാക്കിയപ്പോൾ സർക്കാരിനോട് നിബന്ധന വച്ചു- ശമ്പളമോ ആനുകൂല്യങ്ങളോ കൈപ്പറ്റില്ല, പെൻഷൻ മാത്രം മതി. ചീഫ്സെക്രട്ടറി റാങ്ക് നൽകിയെങ്കിലും സ്വീകരിക്കാത്തതിനാൽ ഉത്തരവ് റദ്ദാക്കേണ്ടിവന്നു. ഖജനാവിലെ ഒരു ചില്ലിക്കാശും വേണ്ടെന്ന് എഴുതി നൽകി.