നെടുമങ്ങാട്: വിനോദസഞ്ചാര ഭൂപടത്തിൽ നെടുമങ്ങാടിനെ പ്രധാന ഇക്കോടൂറിസം കേന്ദ്രമാക്കി ഉയർത്തുമെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു.
മോട്ടൽ ആരാമിന്റെ നിർമ്മാണം പൂർത്തിയാവുന്നതോടെ തെന്മല, പൊന്മുടി, പേപ്പാറ, അരുവിക്കര, കോയിക്കൽ കൊട്ടാരം എന്നിവിടങ്ങളിലെ സന്ദർശകർക്ക്
ഭക്ഷണം കഴിക്കാനും വിശ്രമിക്കാനുമുള്ള ഇടത്താവളമായി നെടുമങ്ങാട് മാറും. എം.എൽ.എ ആയി 133 ദിവസം പിന്നിടുമ്പോൾ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളെ സംബന്ധിച്ച് മാദ്ധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ആദ്യ സമ്പൂർണ ഡിജിറ്റലൈസേഷൻ മണ്ഡലമെന്ന നേട്ടം കൈവരിക്കാനായത് അഭിമാനാർഹമാണ്. 1,986 വിദ്യാർത്ഥികൾക്ക് ടി.വി, ലാപ്ടോപ്, മൊബൈൽ ഫോൺ എന്നിവ ലഭ്യമാക്കി. വൈദ്യുതി ഇല്ലാതിരുന്ന 23 വീടുകളിൽ കണക്ഷൻ എത്തിച്ചു. ഐ.എസ്.ആർ.ഒ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് 191 കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കി. ഗവ.ഐ.ടി.ഐ ആരംഭിക്കാൻ പ്രാംരംഭ നടപടിയായി, റവന്യു ഡിവിഷൻ ആസ്ഥാന മന്ദിരത്തിന് ശിലാസ്ഥാപനം നടത്തി, ചുടുകാട്ടിൻമുകൾ, കുട്ടൻ കോളനി, പറക്കോട്, പറമുട്ടം പ്രദേശത്തെ 75 ഓളം കുടുംബങ്ങൾക്ക് പട്ടയം ലഭ്യമാക്കാനുള്ള നടപടികളും സ്വീകരിച്ചതായി മന്ത്രി അറിയിച്ചു.