തിരുവനന്തപുരം: നഗരസഭ ജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത കെട്ടിടനികുതി തട്ടിയെടുത്ത സംഭവത്തിൽ കൂടുതൽ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി കൗൺസിലർമാർ നടത്തുന്ന രാപ്പകൽ സമരം നാലാം ദിവസത്തിലേക്ക്.

തട്ടിപ്പുനടത്തിയ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാട് തുടരുന്ന നഗരസഭയ്‌ക്കെതിരെ സമരം കൂടുതൽ ശക്തമാക്കുമെന്ന് ബി.ജെ.പി നേതൃത്വം അറിയിച്ചു. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച എല്ലാ വാർഡ് കേന്ദ്രങ്ങളിലും സായാഹ്നധർണ നടത്താൻ ബി.ജെ.പി തീരുമാനിച്ചു.

നഗര വികസനത്തെ ബി.ജെ.പി അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് വാർഡ് കേന്ദ്രങ്ങളിൽ ഇന്ന് ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് ഇടതുമുന്നണി ജില്ലാ നേതൃത്വവും അറിയിച്ചു. ബി.ജെ.പിയുടെ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് യുവമോർച്ച, കർഷകമോർച്ച തുടങ്ങിവയുടെ നേതൃത്വത്തിൽ രാവിലെ കോർപറേഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. വൈകിട്ട് പന്തം കൊളുത്തി പ്രകടനവും നടന്നു. ഉന്നയിച്ച മൂന്ന് ആവശ്യങ്ങളും അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നാണ് ബി.ജെ.പി കൗൺസിലർമാർ അറിയിച്ചത്.

കൂടുതൽ പരാതിക്കാർ

കൃത്യമായി നികുതിയടച്ചിട്ടും കമ്പ്യൂട്ടർ രേഖകളിൽ ആയിരങ്ങളുടെ കുടിശിക രേഖപ്പെടുത്തിയിരിക്കുന്ന 25 കെട്ടിട ഉടമകൾ ഇന്നലെ കോർപറേഷൻ ആസ്ഥാനത്തെത്തി. നികുതി അടച്ച രസീതുൾപ്പെടെയാണ് ഇവർ എത്തിയത്. പ്രശ്നം അടിയന്തരമായി പരിഹരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയാണ് അധികൃതർ തടിയൂരിയത്.

നഗരസഭ അഴിമതിയിൽ വ്യത്യസ്തതകൾ തേടുന്നു: കുമ്മനം
തിരുവനന്തപുരം: സമരം നടത്തുന്ന കൗൺസിലർമാരെ ഇന്നലെ കുമ്മനം രാജശേഖരൻ സന്ദർശിച്ചു. തട്ടിപ്പിന്റെ വഴിയിൽ പുതിയ മേഖലകൾ വെട്ടിത്തുറക്കുകയാണ് നഗരസഭ ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

മാസത്തിലൊന്ന് എന്ന കണക്കിൽ ഒൻപതു മാസം കൊണ്ട് ഒൻപത് വലിയ അഴിമതികൾ നടത്തിക്കഴിഞ്ഞു. അഴിമതികളിൽ മുങ്ങിയിരിക്കുന്ന സംസ്ഥാന സർക്കാരിന്റെ പാതയിലാണ് നഗരസഭയെന്നും കുമ്മനം പറഞ്ഞു.

യുവമോർച്ച മാർച്ചിൽ സംഘർഷം

കൗൺസിലർമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. പൊലീസും പ്രവർത്തകരുമായി ഉന്തും തള്ളുമുണ്ടായി. ബി.ജെ.പി നേതാവ് വിജയൻ തോമസ് മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി പാപ്പനംകോട് നന്ദു അദ്ധ്യക്ഷത വഹിച്ചു. ബി.എൽ. അജേഷ്, കൗൺസിലർ അശോക് കുമാർ, കരമന അജിത്ത്, രാജേന്ദ്രൻ, കരമന പ്രവീൺ, വലിയവിള ആനന്ദ്, നെടുമങ്ങാട് വിൻജിത്ത്, ചൂണ്ടിക്കൽ ഹരി, മാണിനാട് സജി, കവിത സുഭാഷ്, ബിപിൻ, വിപിൻ എന്നിവർ നേതൃത്വം നൽകി.