തിരുവനന്തപുരം : ഗാന്ധിജയന്തിയോടനുബന്ധിച്ച് അമേരിക്കയിലെയും കേരളത്തിലെയും രണ്ടു വിദ്യാർത്ഥികൾ ഇംഗ്ളീഷിലും മലയാളത്തിലും തയ്യാറാക്കിയ വീഡിയോഗാനം പ്രകാശനം ചെയ്തു.കേരള സർവകലാശാല ഗാന്ധിയൻ പഠനകേന്ദ്രം മുൻ കോ ഓർഡിനേറ്ററും അദ്ധ്യാപകനും ഗാന്ധിയൻ എഴുത്തുകാരനുമായ ജെ.എം.റഹിം രചിച്ച 'ഗാന്ധിഗീതമാണ് ഇംഗീഷിലേക്കും വിവർത്തനം ചെയ്തത്. നിംസ് ഫൗണ്ടേഷനാണ് നിർമ്മാണം.ഗാന്ധിഗീതം ഇംഗ്ലീഷ് വീഡിയോ ഗാനം സ്വാതന്ത്ര്യസമര സേനാനി പി.ഗോപിനാഥൻ നായർ നിംസ് ചെയർമാൻ എം.എസ്.ഫൈസൽഖാന് നൽകി പ്രകാശനം ചെയ്തു.മലയാളം വീഡിയോ ഗാനം കവി പ്രൊഫ.വി.മധുസൂദനൻ നായരും ഇന്നലെ പ്രകാശനം ചെയ്തു. അമേരിക്കയിലെ അയോവയിൽ താമസിക്കുന്ന സംഗീത സംവിധായകനായ തിരുവനന്തപുരം സ്വദേശി രഘുപതി പൈയാണ് ഗാനത്തിന് സംഗീതം നൽകിയത്. രഘുപതിയുടെ മകനും അമേരിക്കയിലെ പത്താം ക്ലാസം വിദ്യാർത്ഥിയുമായ ആദിത്യ നന്ദനാണ് ഇംഗ്ളീഷ് ഗാനം ആലപിച്ചിരിക്കുന്നത്. അദ്ധ്യാപകനും ഗായകനുമായ മനോജ് പുളിമാത്താണ് മലയാളം ഗാനം ആവിഷ്കരിച്ചത്. കൊടുവഴന്നൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥി മാധവ് മനോജാണ് മലയാള ഗാനം പാടിയതും സംഗീതം നൽകിയതും.