കാട്ടാക്കട: നിയന്ത്രണംവിട്ട കാറിടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതരമായി പരിക്കേറ്റു. അന്തിയൂർക്കോണം സ്വദേശിയും കാട്ടാക്കടയിലെ ജുവലറിയിൽ സെയിൽമാനുമായ മോഹനനാണ് പരിക്കേറ്റത്. നാട്ടുകാരാണ് ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാട്ടാക്കട-തിരുവനന്തപുരം റോഡിൽ തടിമില്ലിന് സമീപം വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം.

ജുവല്ലറിയിൽ നിന്ന് വീട്ടിലേക്ക് ഭക്ഷണം കഴിക്കാനായി പോകുകയായിരുന്നു മോഹനൻ. ഇതിനിടെയാണ് പാപ്പനംകോട്ടുള്ള കാർ ഷോറൂമിൽ നിന്ന് കാട്ടാക്കടയിലെ ഷോറൂമിലേക്ക് കൊണ്ടുവരികയായിരുന്ന കാർ നിയന്ത്രണംവിട്ട് മോഹനന്റെ സ്കൂട്ടറിൽ ഇടിച്ചത്. സമീപത്ത് നിറുത്തിയിട്ടിരുന്ന ആംബുലൻസിലേക്കാണ് സ്കൂട്ടറിനെ കാർ ഇടിച്ചുനിരക്കിയത്. ആംബുലൻസിനും കാറിനും ഇടയിൽപ്പെട്ടാണ് മോഹനന് കാലിനും തലയ്ക്കും ഗുരുതര പരിക്കേറ്റത്.

സ്‌കൂട്ടറിനെ ഇടിച്ച് തെറിപ്പിച്ച ശേഷംകാർ അമ്പതു മീറ്ററിലധികം മുന്നോട്ടു നീങ്ങിയാണ് നിന്നത്. ഈ സമയം അതുവഴി കടന്നുപോയ ഇരുചക്ര വാഹനങ്ങൾ തലനാരിഴക്കാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. കൊടുംവളവിൽ അമിതവേഗതയിലായിരുന്നു കാറെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.