കോവളം: ജില്ലയിലെ ആദ്യ വയോജനസൗഹൃദ ഗ്രാമമാകാൻ വെങ്ങാനൂർ ഗ്രാമപഞ്ചായത്ത്. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന വയോജന സംരക്ഷണ പരിപാടിയിൽ 6 മാസത്തിനുള്ളിൽ 5000ത്തോളം പേരെ അംഗങ്ങളാക്കാൻ സീനിയർ സിറ്റിസൺ കൗൺസിലിനും രൂപം നൽകി. 60ന് മുകളിൽ പ്രായമുള്ളവരുടെ ശാരീരിക-മാനസികോല്ലാസം, ഗാർഹിക പീഡനങ്ങളിൽ നിന്നും സുരക്ഷ, നിയമപരിരക്ഷ എന്നിവ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.
പഞ്ചായത്തിലെ എല്ലാ വാർഡുകളിലും വയോജന ക്ലബുകളും വയോജന സഭകളും രൂപീകരിക്കും. വിഴിഞ്ഞം സി.എച്ച്.സി യുടെ നേതൃത്വത്തിൽ വയോജന സഭകളിൽ ആരോഗ്യ പരിശോധനയും ചികിത്സയും നൽകും. വയോജനസംഗമം, ഉല്ലാസയാത്ര, നേത്രപരിശോധനാ ക്യാമ്പ്, കണ്ണട വിതരണം, കട്ടിൽവിതരണം, സർക്കാർ ഓഫീസുകളിൽ പ്രത്യേക ഹെൽപ്പ് ഡെസ്‌ക്ക്, വയോജന സ്വാശ്രയ ഗ്രൂപ്പുകൾ എന്നിവയും ആവിഷ്‌കരിച്ചിട്ടുണ്ട്.
പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുട്ടയ്ക്കാട് ആർ.എസ്. ശ്രീകുമാർ പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റാണി വത്സലൻ അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ആക്ഷൻ ബൈ പീപ്പിൾ സെക്രട്ടറി ഡോ. വിജയകുമാർ പദ്ധതി വിശദീകരിച്ചു. വിഴിഞ്ഞം സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. ജവഹർ, ഗാന്ധിയൻ ജി. സദാനന്ദൻ, വിജയകുമാർ, ശൈലജകുമാരി തുടങ്ങിയവർ സംസാരിച്ചു.