തിരുവനന്തപുരം: നേമം സോണൽ ഓഫീസിലെ പണം തട്ടിപ്പുമായി ബന്ധപ്പെട്ട് നേമം പൊലീസ് രണ്ടുപേരെ പ്രതിയാക്കി കേസെടുത്തു. കോർപ്പറേഷൻ വിശദമായ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പ്രഥമ വിവര റിപ്പോർട്ട് തയ്യാറാക്കിയത്. ദിവസങ്ങൾക്കു മുമ്പ് പരാതി നൽകിയിരുന്നെങ്കിലും വ്യക്തമായ വിവരങ്ങൾ ഇല്ലാതിരുന്നതിനാൽ കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. പരാതി കൈപ്പറ്റിയെന്ന രസീത് നൽകി നഗരസഭ ഉദ്യോഗസ്ഥരെ പൊലീസ് മടക്കി അയക്കുകയായിരുന്നു.
അതേസമയം ഇടത് അനുഭാവ ജീവനക്കാരുടെ സംഘടനയെ അഴിമതിക്കാരുടെ സംഘടനയായി ചിത്രീകരിക്കുകയാണെന്ന് കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂണിയൻ ആരോപിച്ചു. കോർപ്പറേഷനുകൾ അഴിമതി മുക്തമാക്കുന്നതിനുള്ള പ്രവർത്തന പദ്ധതി തയ്യാറാക്കി മേയർക്കു സമർപ്പിക്കുമെന്ന് യൂണിയൻ സംസ്ഥാന നേതൃത്വം അറിയിച്ചു.