മലയിൻകീഴ്: യുവതിക്കുനേരെ ആസിഡ് ആക്രമണം നടത്തിയ കേസിൽ രണ്ടാം ഭർത്താവ് വിളപ്പിൽശാല ചൊവ്വള്ളൂർ പള്ളിവിളപുത്തൻ വീട്ടിൽ ബിജുവിനെ (37) വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു. വട്ടിയൂർക്കാവ് മരുതംകുഴി സ്വദേശി ലക്ഷ്മിയാണ് (32) മുഖത്തും വയറിലും കാലിനും പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
ആദ്യ വിവാഹബന്ധം വേർപെടുത്തിയ ലക്ഷ്മി രണ്ട് മക്കളുമൊത്ത് നാലുവർഷത്തോളം പത്തനംതിട്ട സീതത്തോട് ഭാഗത്തായിരുന്നു ബിജുവിനൊപ്പം താമസിച്ചിരുന്നത്. അതിനുശേഷം വിളപ്പിൽശാല ചൊവ്വള്ളൂർ ഭാഗത്തെ വാടകവീട്ടിലേക്ക് താമസം മാറ്റി. ഇതിനിടെ ഇവർ തമ്മിൽ അസ്വാരസ്യം ഉണ്ടാകുകയും ഒരു വർഷമായി പിരിഞ്ഞ് താമസിക്കുകയുമായിരുന്നു. വാടകവീട്ടിൽ സൂക്ഷിച്ചിരിക്കുന്ന ലക്ഷ്മിയുടെ ആഭരണങ്ങളും മറ്റ് സാധനങ്ങളും എടുത്തുമാറ്റണമെന്ന് ബിജു ആവശ്യപ്പെട്ടിരുന്നു. ഇതിനായാണ് ലക്ഷ്മി മക്കൾക്കൊപ്പം ഓട്ടോറിക്ഷയിൽ ചൊവ്വള്ളൂരിലെ വീട്ടിലെത്തിയത്. ലക്ഷ്മിയെ മുറിക്കുള്ളിലേക്ക് വിളിച്ച് സംസാരിക്കുന്നതിനിടെ ക്രൂരമായി മർദ്ദിച്ച ബിജു റബർ ഷീറ്റ് തയ്യാറാക്കാൻ സൂക്ഷിച്ചിരുന്ന ആസിഡ് ദേഹത്ത് ഒഴിക്കുകയായിരുന്നു. പ്രതിയുടെ മൂന്നാം ഭാര്യയാണ് ലക്ഷ്മിയെന്നും സംശയമാണ് ആക്രമണ കാരണമെന്നും പൊലീസ് പറഞ്ഞു. കാട്ടാക്കട ഡിവൈ.എസ്.പി പ്രശാന്തിന്റെ നേതൃത്വത്തിൽ വിളപ്പിൽശാല എസ്.എച്ച്.ഒ അനീഷ് കരീം, എസ്.ഐ വി.ഷിബു, എ.എസ്.ഐ ബൈജു എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.