മൊബൈൽഫോൺ എറിഞ്ഞുപൊട്ടിച്ചു,
പരാതി ഒതുക്കിത്തീർക്കാൻ ശ്രമം
തിരുവനന്തപുരം: ഗതാഗതക്കുരുക്കുണ്ടാക്കി നോ പാർക്കിംഗ് മേഖലയിൽ നിറുത്തിയിട്ടിരുന്ന വാഹനം മാറ്റാൻ ആവശ്യപ്പെട്ടതിന് ട്രാഫിക് എ.എസ്.ഐക്ക് നേരെ മഫ്തിയിലായിരുന്ന ഇൻസ്‌പെക്ടറുടെ അതിക്രമം. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് മുന്നിലായിരുന്നു സംഭവം.
ഡ്യൂട്ടിയിലായിരുന്ന തന്നെ നെടുമങ്ങാട് ഇൻസ്പെക്ടർ രാജേഷ്‌കുമാർ അസഭ്യം പറഞ്ഞതായും മൊബൈൽഫോൺ എറിഞ്ഞുപൊട്ടിച്ചതായും ട്രാഫിക് എ.എസ്.ഐ. ജവഹർ കുമാറാണ് ഫോർട്ട് പൊലീസിൽ പരാതി നൽകിയത്. എന്നാൽ സംഭവത്തിൽ കേസെടുക്കുന്നതിന് പൊലീസ് തയ്യാറായിട്ടില്ലെന്നാണ് ആക്ഷേപം.
സംഭവം ഇങ്ങനെ: ക്ഷേത്രത്തിന് മുന്നിൽ ഗതാഗതക്കുരുക്കുണ്ടായതോടെ വാഹനങ്ങൾ നിയന്ത്രിക്കാനെത്തിയതായിരുന്നു ജവഹർകുമാർ. ഈ സമയം ഇവിടത്തെ നോ പാർക്കിംഗ് ഏരിയയിൽ നിറുത്തിയിട്ട കാറിലിരുന്ന രാജേഷ്‌കുമാറിനോട് വാഹനം മാറ്റാൻ ഇദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ഇതിന് രാജേഷ്‌കുമാർ തയ്യാറായില്ല. പലതവണ പറഞ്ഞിട്ടും വാഹനം മാറ്റാതായതോടെ നിയമനടപടി നേരിടേണ്ടിവരുമെന്ന് എ.എസ്.ഐ പറഞ്ഞു. ഇതിന് അസഭ്യവർഷമായിരുന്നു മറുപടിയെന്നും പരാതിയിൽ പറയുന്നു.
ജവഹർകുമാർ കാറിന്റെ ചിത്രം മൊബൈൽ ഫോണിൽ പകർത്തിയതോടെ കുപിതനായ ഇൻസ്പെക്ടർ ഇത് പിടിച്ചുവാങ്ങി കാറിനുള്ളിൽ എറിഞ്ഞു പൊട്ടിച്ചു. തുടർന്ന് എ.എസ്.ഐ വയർലെസിലൂടെ ട്രാഫിക് പട്രോൾ സംഘത്തെ വിവരമറിയിച്ചു. ഇതിനിടെ സ്ഥലത്ത് വലിയ ആൾക്കൂട്ടമായി. ഒടുവിൽ ചീറ്റ ടീമിലെ എസ്.ഐ സ്ഥലത്തെത്തുകയും വാഹനം പിടിച്ചെടുക്കുമെന്ന് അറിയിക്കുകയും ചെയ്തപ്പോഴാണ് താൻ നെടുമങ്ങാട് സ്‌റ്റേഷനിലെ ഇൻസ്പെക്ടറാണെന്ന് രാജേഷ്‌കുമാർ വെളിപ്പെടുത്തിയത്.
എസ്.ഐക്ക് നേരെയും ഇയാൾ തട്ടിക്കയറി. സംഭവത്തിൽ എ.എസ്.ഐ ഫോർട്ട് പൊലീസിലും ട്രാഫിക്ക് എ.സിക്കുമാണ് പരാതി നൽകിയത്. എന്നാൽ രണ്ടു ദിവസം പിന്നിട്ടിട്ടും കേസെടുത്തിട്ടില്ല. അതോടെ ജവഹർകുമാർ ഫോർട്ട് എ.സിക്കും പരാതി നൽകി. എന്നാൽ ട്രാഫിക് എ.സി ജവഹർകുമാറിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് കിട്ടിയില്ലെന്നും ഇദ്ദേഹം ഇതുവരെ ഡ്യൂട്ടിക്കും ഹാജരായിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്.